ന്യൂഡെല്‍ഹിയില്‍ 50 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍: ആസ്റ്റര്‍ വളണ്ടിയേഴ്‌സ്-അല്‍ഷിഫ ഹോസ്പിറ്റല്‍ ധാരണ

ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍

ഗള്‍ഫിലെ ആസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിക്കുന്ന ധനസഹായത്തിലൂടെ 87 ലക്ഷം രൂപ മുതല്‍മുടക്കിയാണ് 2 ആഴ്ചക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കുക.
കോവിഡ് 19 രോഗികള്‍ക്ക് സേവനം നല്‍കാന്‍ സജീവമായി രംഗത്തുള്ള ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായുള്ള 14 ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണീ ദൗത്യം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് അടിയന്തിര ക്വാര്‍ട്ടണറി കെയര്‍ ശസ്ത്രക്രിയകളായ അവയവം മാറ്റിവെക്കല്‍, കാര്‍ഡിയാക്, ഓങ്കോളജി ശസ്ത്രക്രിയകള്‍ തുടങ്ങിയവ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ 50% ഇളവോടെ നല്‍കാനും നീക്കമുണ്ട്.

ന്യൂഡെല്‍ഹി/ദുബൈ: കോവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് പരിഹരിക്കാനായി 50 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ന്യൂഡല്‍ഹിയിലെ അല്‍ഷിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി ധാരണാപത്രം ഒപ്പിട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, തീവ്ര പരിചരണം ആവശ്യമുള്ളവരുമായ രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്.
ധാരണാ പത്രത്തിന്റെ ഭാഗമായി, മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ആസ്റ്റര്‍ സഹായിക്കും. അതേസമയം, ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല അല്‍ഷിഫക്കുമായിരിക്കും. രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫീല്‍ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് ഫണ്ട് ഉപയോഗിക്കും.
നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ അതിവേഗ നടപടികള്‍ ആവശ്യമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ 14 ആശുപത്രികള്‍, അണുബാധയുടെ ശൃംഖല തകര്‍ക്കാന്‍ ആവശ്യമായ എല്ലാ പ്രൊട്ടോക്കോളുകളും പാലിച്ച് കഴിയുന്നത്ര കോവിഡ് പോസിറ്റീവ് രോഗികളെ സേവിക്കാനായുള്ള പോരാട്ടത്തിലാണ്. ഡെല്‍ഹി പോലുള്ള പ്രധാന നഗരങ്ങളില്‍, പ്രത്യേകിച്ചും സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങളില്‍, ആശുപത്രി കിടക്കകളുടെ ആവശ്യകത ദിനംപ്രതി ഗണ്യമായി വര്‍ധിച്ചു വരികയാണ്. ന്യൂഡെല്‍ഹിയിലെ 50 കിടക്കകളുള്ള ഈ ഫീല്‍ഡ് ഹോസ്പിറ്റലിലിലൂടെ, ചികിത്സ തേടുന്ന രോഗികളെ സേവിക്കാനും, ഏതാനും കുടുംബങ്ങളുടെയെങ്കിലും പ്രിയപ്പെട്ടവരുടെ ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ നിന്ന് രക്ഷിക്കാനും കഴിയുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളില്‍ കേരളത്തിലെ ഞങ്ങളുടെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലൂടെ അവയവം മാറ്റി വെയ്ക്കല്‍, കാര്‍ഡിയാക്, ഓങ്കോളജി ശസ്ത്രക്രിയകള്‍ തുടങ്ങിയ നിര്‍ണായക സര്‍ജറികള്‍ക്ക് 50% നിരക്കിളവ് നല്‍കാന്‍ ആലോചിക്കുകയും ചെയ്യുന്നു -ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ഡെല്‍ഹിയിലെയും എന്‍സിആറിലെയും നിരവധി രോഗികളെ സഹായിക്കാന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, അത് ഇപ്പോഴും വേണ്ടത്ര പര്യാപ്തമല്ല. ദിവസം തോറും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആസ്റ്റര്‍ വളണ്ടിയേഴ്‌സുമായി പങ്കാളികളാവാനും രോഗികളെ സേവിക്കാനുമുള്ള തങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും, മഹാമാരി കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ ആവശ്യത്തിനു വേണ്ടി കൂടുതല്‍ സജീവമായി നില കൊള്ളാനും കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അല്‍ഷിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ പ്രതിനിധി ആരിഫ് അലി പറഞ്ഞു.
ആകെയുള്ള 27 ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ 14 എണ്ണം ഇന്ത്യയിലാണ്. കൂടാതെ, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആഗോള ശൃംഖലയിലുടനീളമുള്ള 70% ജീവനക്കാരും ഇന്ത്യക്കാരായതിനാല്‍, ജിസിസിയും ഇന്ത്യയും തമ്മില്‍ ഒരു ആരോഗ്യ സഹകരണ സംവിധാനം സ്ഥാപിക്കാന്‍ ആസ്റ്ററിന് സാധിച്ചിട്ടുണ്ട്. ഇത് പകര്‍ച്ച വ്യാധിയെ ചെറുക്കാന്‍ പ്രാദേശിക സര്‍ക്കാറുകള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആസ്റ്ററിന്റെ ശ്രമങ്ങളില്‍ നിര്‍ണായകമായ ഘടകമാകും.
2020ല്‍ യുഎഇയില്‍ ആദ്യ കോവിഡ് 19 വ്യാപനം ഉണ്ടായപ്പോള്‍, ഇന്ത്യയിലെയും യുഎഇയിലെയും സര്‍ക്കാറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആരോഗ്യ പരിചരണ മേഖയിലെ പ്രമുഖ സ്ഥാപനമായ ആസ്റ്ററാണ് ആദ്യമായി ഇന്ത്യയിലെ ആശുപത്രികളില്‍ നിന്ന് 88 നഴ്‌സുമാരെ യുഎഇയിലെത്തിച്ചത്. ഇപ്പോള്‍, നിലവിലുള്ള 14 ആശുപത്രികളിലൂടെയും, ന്യൂ ഡെല്‍ഹിയില്‍ വരുന്ന പുതിയ ഫീല്‍ഡ് ഹോസ്പിറ്റലിലൂടെയും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയെ കര കയറ്റാനുള്ള എല്ലാ പരിശ്രമങ്ങളിലും സജീവമായി പങ്കാളിയാകുന്നതാണ്.