ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ ഭാഗമായുള്ള മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ‘ആസ്റ്റര്‍ ദില്‍ സേ’ പ്രൊജക്റ്റ്. ഇത് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്ത് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യാനും സൗകര്യപ്രദമായ രീതിയില്‍ ഏത് സമയത്തും ആരോഗ്യ പരിചണം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. മലയാളി ജനസംഖ്യയുടെ വലിയൊരു വിഭാഗം വിദേശത്ത് സ്ഥിര താമസമാക്കിയവരാണ്. അവരില്‍ പലരുടെയും കുടുംബങ്ങളില്‍ സ്ഥിരമായി പരിചരണം ആവശ്യമുള്ള പ്രായമായ മാതാപിതാക്കളുണ്ട്. ഇങ്ങനെ, ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ പ്രവാസി കുടുംബാംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ഈ സുപ്രധാന പ്രശ്നത്തിനാണ് ‘ആസ്റ്റര്‍ ദില്‍ സേ’ പദ്ധതി പരിഹാരം കാണുന്നത്.
എന്റോള്‍ ചെയ്ത ഓരോ കുടുംബാംഗത്തിനും തുടക്കത്തില്‍ അവരുടെ ആരോഗ്യനില അറിയാനായി ഒരു പ്രാഥമിക ആരോഗ്യ പരിശോധന, ‘ആസ്റ്റര്‍ ദില്‍ സേ’ വാര്‍ഷിക പരിചരണ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലാബ് സാമ്പിള്‍ ശേഖരണവും അടിസ്ഥാന മെഡിക്കല്‍ പരിശോധനകളും വീട്ടില്‍ വന്ന് നടത്തുകയും ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച് ഡോക്ടറമാര് തുടര്‍ പരിചരണത്തിന്റെ വിശദാംശങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.
ആദ്യത്തേതും തുടര്‍ന്നുള്ളതുമായ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകളില്‍ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വെര്‍ച്വലായി പങ്കെടുക്കാനാകും. വീട്ടിലെ മെഡിക്കല്‍ സേവനങ്ങളും ആംബുലന്‍സ് സേവനവും അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാനായി സമര്‍പ്പിത കെയര്‍ മാനേജര്‍മാരുമായി 24/7 മുന്‍ഗണനാ കോള്‍ സെന്റര്‍ (+91 75111 75333) ആരംഭിച്ചിരിക്കുന്നു. കൂടാതെ, ശസ്ത്രക്രിയകള്‍, സങ്കീര്‍ണമായ പരിശോധനകള്‍, ഹോസ്പിറ്റല്‍ താമസം തുടങ്ങിയ ആശുപത്രിയിലെ സേവനങ്ങളില്‍ ഗണ്യമായ ഇളവ് ലഭിക്കാനും പാക്കേജ് ഉപയോഗിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടാവും.
”ഇന്ത്യയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകള്‍ പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണെന്ന് പ്രവാസികളെന്ന നിലയില്‍ നമുക്ക് കൂടുതലറിയാം. പല പ്രവാസികള്‍ക്കും നാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളുള്ളതിനാലാണിത്. നിര്‍ബന്ധിത യാത്രാ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും മഹാമാരിയുടെ സമയത്ത് ഈ ആശങ്ക രൂക്ഷമാക്കുകയുണ്ടായി. മാതാപിതാക്കളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ക്കായി അവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് തടസ്സമുണ്ടായി” -ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ ‘ആസ്റ്റര്‍ ദില്‍ സേ’ പദ്ധതി ലക്ഷ്യമിടുന്നു. പ്രവാസികള്‍ക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനായി ഒരു ഓണ്‍-ഗ്രൗണ്ട് ഹെല്‍ത്ത് കെയര്‍ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതിയെ രൂപകല്പന ചെയ്തിട്ടുള്ളതെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
ഒരു ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം വഴി കുടുംബാംഗങ്ങളുടെ ഡോക്ടര്‍ കണ്സള്ട്ടേഷനില് പ്രവാസികള്‍ക്കും പങ്കാളികളാവാനും അവരുടെ ആരോഗ്യ പരിപാലന പ്രക്രിയയില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുന്നു. പ്രായമായവരില്‍ കണ്ടു വരുന്ന സങ്കീര്‍ണമായ രോഗങ്ങളുടെ കൃത്യമായ പരിചരണത്തിന് ഈ സംവിധാനം ഏറെ ഫലപ്രദമാകും. ആരോഗ്യ പ്രശ്നങ്ങളുടെ സൂക്ഷ്മ നിരീക്ഷണം, പ്രതിമാസ/ത്രൈമാസ ഡോക്ടര്‍ കണ്സള്ട്ടേഷന്, വീട്ടില്‍ നിന്നുള്ള ലാബ് സാമ്പിള്‍ ശേഖരണം, മെഡിസിന് ഡെലിവറി, വിടുകളില്‍ വന്നുള്ള പരിചരണം എന്നിവ ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ഹോം സൊല്യൂഷനായി ഈ സംവിധാനം ക്രമേണ വികസിക്കും. ആസ്റ്റര്‍ ശൃംഖലകളിലൂടനീളമുള്ള ഡോക്ടര്‍മാരില്‍ നിന്ന് സെക്കന്റ് ഒപീനിയന്‍ തേടാനും ഈ സേവനം വഴി സാധ്യമാകും.
ആദ്യം കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴില്‍ നിലവില്‍ ഇന്ത്യയിലെ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ 5 സംസ്ഥാനങ്ങളിലായി 14 ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്.