യുഎഇ ഇന്നൊവേഷന്‍സ് അവാര്‍ഡ് 2021 നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ഖിസൈസില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സമീറ ഷാലോ (എംഡി, ഡിക്യുജി), ഡോ. ഷെര്‍ബാസ് ബിച്ചു (സിഇഒ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിനിക്‌സ് യുഎഇ), സാറ ഇല്യാസ് (സിഎന്‍ഒ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിനിക്‌സ്), ഡോ. പദം സുന്ദര്‍ കാഫ്‌ലേ (ഹെഡ്, ഐടി ആന്‍ഡ് ഓട്ടോമേഷന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ), ജോസഫ് ജോര്‍ജ് (റീജ്യണല്‍ ഹെഡ്, ഐടി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്‌ളിനിക്‌സ് ജിസിസി) എന്നിവര്‍

ദുബൈ: സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ദൗത്യങ്ങളും സംരംഭങ്ങളും ആരംഭിച്ചതിന്റെ അംഗീകാരമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇക്ക് യുഎഇ ഇന്നൊവേഷന്‍ അവാര്‍ഡ് ലഭിച്ചു. ജീവനക്കാര്‍ക്കും ക്‌ളിനിക്കുകളിലെ ഡോക്ടര്‍മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മികച്ച അനുഭവം പകരാന്‍ സൃഷ്ടിച്ച ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ പുതുമയുള്ള ചുവടുവെയ്പ്പുകള്‍ അവാര്‍ഡിനായി സ്ഥാപനത്തെ പരിഗണിക്കാന്‍ കാരണമായി. രോഗികള്‍ക്ക് സ്ഥിരമായി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ എത്തിക്കുകയെന്നതാണ് ആശുപത്രികളിലൂടെ ലക്ഷ്യമിടുന്നത്. രോഗി കേന്ദ്രീകൃതമായ ഈ സമീപനത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ഡിജിറ്റല്‍ സാങ്കേതിക പരിവര്‍ത്തനങ്ങള്‍, നൂതന പരിഹാരങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയും സ്ഥാപനത്തില്‍ എപ്പോഴും മാറ്റത്തിന്റെ ഒരു സംസ്‌കാരം വിജയകരമായി ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ദുബൈ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രസിഡന്റും ദുബൈ ക്വാളിറ്റി ഗ്രൂപ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലുളള യുഎഇ ഇന്നൊവേഷന്‍ അവാര്‍ഡ് 2021, യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അവരുടെ നൂതനമായ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ഒരുക്കുന്നത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ ബ്രാഞ്ചുകള്‍, ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നവീകരണ പ്രവര്‍ത്തനങ്ങളെ പ്രാത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നിരന്തരം തേടിക്കൊണ്ടിരിക്കുന്നു. ഈ ബഹുമതി നേടിയതിലൂടെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഡിജിറ്റലായി രൂപാന്തരപ്പെട്ട മാറ്റങ്ങള്‍ക്കുള്ള അംഗീകാരം അടയാളപ്പെടുത്തിയിരിക്കുകയാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്.
ക്‌ളോസ്ഡ് ലൂപ്ഡ് സാമ്പിള്‍ കലക്ഷന്‍, മെഡിസിന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവ പോലുള്ള ചില സംരംഭങ്ങള്‍ സംഭവിച്ചേക്കാവുന്ന പിശകുകള്‍ പോലും ലഘൂകരിക്കുന്നു. രോഗിക്ക് അനുയോജ്യമായ ബെഡ് ഉറപ്പാക്കാന്‍ ഐഒഎംടി (ഇന്റര്‍നെറ്റ് ഓഫ് മെഡിക്കല്‍ തിംഗ്‌സ്) സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. ഇത് തിരിച്ചറിയല്‍ പിശകുകള്‍ പരിധിയില്ലാതെ കുറക്കാനും സഹായിക്കുന്നു.
ബ്രെയിന്‍ സ്റ്റോമിംഗ് സെഷനുകള്‍, കോണ്‍ഫറന്‍സുകള്‍, പരിശീലന സെഷനുകള്‍ എന്നിവക്കായി മാത്രമായി നീക്കി വെച്ചിരിക്കുന്ന ടെക് ലാബ് എന്ന നവീകരണ കേന്ദ്രവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. പുതുമകള്‍ ത്വരിതപ്പെടുത്താനും ഉപയോക്തൃ അനുഭവത്തെ നവീകരിക്കാനും മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ ആശുപത്രി ബിസിനസ് മോഡലുകള്‍ പരീക്ഷിക്കാനുമായി ടീമുകള്‍ ഒത്തു ചേരാനുള്ള ഈ ഇടം സജ്ജീകരിച്ചിരിക്കുന്നു. വലിയ അളവിലുള്ള കോളുകളെ അഭിസംബോധന ചെയ്യാനും പെട്ടെന്നുള്ള പ്രതികരണ സംവിധാനം ലഭ്യമാക്കാനും, പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനും മറുപടി നല്‍കാനും ചാറ്റ്‌ബോട്ട് നടപ്പാക്കുന്നു.
മൈക്രോ സോഫ്റ്റ് അസൂര്‍ ക്‌ളൗഡിലൂടെ ബിസിനസ്-നിര്‍ണായക ആപ്‌ളികേഷനുകള്‍ ഹോസ്റ്റ് ചെയ്യുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ആരോഗ്യ സംരക്ഷണ ദാതാക്കളിലൊരാളാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍. കൂടാതെ, ഭാവിയിലെ കമ്പ്യൂട്ടിംഗ് സംവിധാനമായ വെര്‍ച്വല്‍ ഡെസ്‌ക് ടോപ് ഇന്‍ഫ്രാസ്ട്രക്ചറും സ്ഥാപനം നടപ്പാക്കിയിട്ടുണ്ട്. റേഡിയോളജി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫ്യുജിയുമായി സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ നടപ്പാക്കാനും ആശുപത്രി ലക്ഷ്യമിടുന്നു.
സാങ്കേതിക വിദ്യ, ഓട്ടോമേഷന്‍, ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ എന്നിവയെ അനുഭാവപൂര്‍വം ഉപയോഗപ്പെടുത്താനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചാണ് നഴ്‌സിംഗ് മികവിന്റെ ഭാവി നിലനില്‍ക്കുന്നത്. നഴ്‌സിംഗ് സമൂഹം സാങ്കേതിക വൈദഗ്ധ്യമുള്ളവരല്ലെന്നും, പരമ്പരാഗത മാനദണ്ഡങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നുമുളള മിഥ്യാധാരണയെ അത് തകര്‍ക്കുന്നതായും യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിനിക്കുകളുടെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സാറ പറഞ്ഞു. നഴ്‌സിംഗ് ഇന്ന് ആരോഗ്യ സംരക്ഷണ രംഗത്തെ ഒരു സുപ്രധാന മേഖലയാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് രോഗികളുടെ സുരക്ഷയില്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
”ഇത് പ്രധാനമായും സഹകരണവും പുതുമയും വളര്‍ത്തിയെടുക്കുന്നതിലൂടെ ഞങ്ങളുടെ ജീവനക്കാരെ ശാക്തീകരിക്കുന്നതിനാണ്. പുതുമ സംഭവിക്കുന്നത് അടിത്തറയില്‍ നിന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ജീവനക്കാര്‍ ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പുതുമയുള്ളവരാണ്” -ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിനിക്‌സ് യുഎഇ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. വിവിധ ദൗത്യങ്ങള്‍ക്കുംചസാങ്കേതിക വിദ്യകള്‍ക്കുമായി ആളുകള്‍ക്ക് അവരുടെ ആശയങ്ങള്‍ മുന്നോട്ട് വെക്കാന്‍ കഴിയുന്ന പ്രതിമാസ ഇന്നൊവേഷന്‍ മീറ്റിംഗുകള്‍ ഞങ്ങള്‍ക്കുണ്ട്. ലോകം വളരുകയാണ്. പക്ഷേ, ബാങ്കിംഗിനെയും മറ്റ് വ്യവസായങ്ങളെയും അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ആരോഗ്യ സംരക്ഷണത്തിലെ സാങ്കേതിക ഉപയോഗം പിന്നിലാണ്. ആരോഗ്യ മേഖലയിലെ പുതിയ പരിഹാരങ്ങള്‍ മനസ്സിലാക്കാനും മറ്റ് മേഖലകളില്‍ ശ്രദ്ധിക്കാനും പുറമെ, സഹകരണവും പുതുമയും വളര്‍ത്തിയെടുക്കുന്നതിലൂടെ ജീവനക്കാരെ ശാക്തീകരിക്കേണ്ടതുണ്ടെന്നും ഡോ. ഷെര്‍ബാസ് ബിച്ചു കൂട്ടിച്ചേര്‍ത്തു.
നവീകരണ മികവിനെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്നതാണ് യുഎഇ ഇന്നൊവേഷന്‍ അവാര്‍ഡ് ലക്ഷ്യമിടുന്നത്. ഒപ്പം, നവീനതയിലെ മികച്ച പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സുസ്ഥിര ബിസിനസ് വളര്‍ച്ചക്ക് കാരണമാകുന്ന സ്ഥാപനങ്ങളുടെ വിജയമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ഖിസൈസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സമീറ ഷാലോ (എംഡി, ഡിക്യുജി), ഡോ. ഷെര്‍ബാസ് ബിച്ചു (സിഇഒ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിനിക്‌സ് യുഎഇ), സാറ ഇല്യാസ് (സിഎന്‍ഒ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിനിക്‌സ്), ഡോ. പദം സുന്ദര്‍ കാഫ്‌ലേ (ഹെഡ്, ഐടി ആന്‍ഡ് ഓട്ടോമേഷന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ), ജോസഫ് ജോര്‍ജ് (റീജ്യണല്‍ ഹെഡ്, ഐടി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്‌ളിനിക്‌സ് ജിസിസി) എന്നിവര്‍ പങ്കെടുത്തു.