ദുബൈ: കാന്‍സര്‍ ബാധിച്ച് ദുരിത ജീവിതം നയിച്ചിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ബഷീറിനെ ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ സഹായത്തോടെ നാട്ടിലേക്കയച്ചു. ദുബൈയില്‍ പത്തു വര്‍ഷത്തിലധികമായി കഫ്റ്റീരിയയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍ കാന്‍സര്‍ ബാധിച്ചതോടെ ദുരിതക്കയത്തില്‍ അകപ്പെടുകയായിരുന്നു. രോഗബാധിതനായതോടെ ജോലിക്ക് പോകാനാവാതെ സാമ്പത്തികമായി തകര്‍ന്നിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലുമായി. വിസാ പ്രശ്നവും ഓവര്‍ സ്റ്റേയും പിഴകള്‍ അടക്കം വലിയ സംഖ്യ ബാധ്യതയായതോടെ ബഷീറും ഭാര്യയും ദുബൈയിലെ താമസ സ്ഥലത്ത് കുടുങ്ങി. താമസ സ്ഥലത്തെ വാടകയുമായി ബന്ധപ്പെട്ട് ചെക്ക് കേസും വിസയുടെ കാലാവധി തീര്‍ന്നതിനാല്‍ എമിഗ്രേഷന്‍ പിഴയുമായി. പിന്നീട് ബഷീര്‍ കാന്‍സര്‍ വേദനയില്‍ പുളയുകയായിരുന്നു. താമസ സ്ഥലത്ത് കാന്‍സര്‍ വേദനയില്‍ ഉറക്കമില്ലാതെ വലഞ്ഞിരുന്ന ബഷീറിന്റെ ദുരന്ത കഥയറിഞ്ഞ യുഎഇയിലെ കൂഖ് അല്ഷായ് എന്ന കമ്പനിയുടെ ഉടമയും അജ്മാന് കെഎംസിസി നേതാവുമായ ഇസ്മാഈല്‍ എളമഠവും അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരായ സിദ്ദീഖും ഹബീബും വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ കമ്പനിയിലെ ജീവനക്കാരും സാമ്പത്തിക സഹായത്തില്‍ പങ്കാളികളായി. കൂടാതെ, ദുബൈ ആല്‍ഫ റെസ്റ്റോറന്റ് ഉടമ ഹബീബ്, കുട്ടിക്ക എന്നിവരും സഹായത്തിനെത്തി. കൂടാതെ, നിസാമിന്റെയും ഡോ. ഷാന്റെയും നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന അലിഫ് കൂട്ടായ്മയും ബഷീറിനെ കൈ പിടിച്ചുയര്‍ത്താന്‍ രംഗത്ത് വന്നു. കെഎംസിസി പ്രവര്ത്തകന് സാദിഖ് കൂവ്വക്കാട്ടുമ്മല് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എല്ലാ കേസുകളും തീര്‍ക്കാനായി 200,000 രൂപ ചെലവഴിച്ചു. ബഷീറിനും കുടുംബത്തിനും നാട്ടിലേക്ക് പോകാനുള്ള എല്ലാ പേപ്പറുകളും തയാറാക്കി. സാമ്പത്തിക ബാധ്യതയുടെ വലിയൊരു ശതമാനം വഹിച്ചത് ഇസ്മാഈലിന്റെ നേതൃത്വത്തിലായിരുന്നു. ഇവര്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ ദിവസം ബഷീറിനെ നാട്ടിലേക്കയച്ചു. നാട്ടിലെത്തിയ ശേഷം തുടര്‍ ചികിത്സക്കുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തിയാണ് ബഷീര്‍ യാത്രയായത്. ഈ മനുഷ്യ സ്നേഹികള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആ കുടുംബം ഇവിടെ കേസില്‍ കുടുങ്ങി വീണ്ടും ദുരിതത്തില്‍ ആകുമായിരുന്നു.