സി.കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം 2021 അരുണ്‍ രാഘവന്

129
അരുണ്‍ രാഘവന്‍

ഷാര്‍ജ: മികച്ച പാര്‍ലമെന്റേറിയനും ഗോവന്‍ വിമോചന സമര പോരാളിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ പേരില്‍ യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് ഏര്‍പ്പെടുത്തിയ സ്മൃതി പുരസ്‌കാരം ഈ വര്‍ഷം ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് അരുണ്‍ രാഘവന്. മാധ്യമ പ്രവര്‍ത്തകന്‍ രമേഷ് പയ്യന്നൂര്‍ നേതൃത്വം നല്‍കിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. ഏപ്രില്‍ 17ന് റാസല്‍ഖൈമയില്‍ നടന്ന ചടങ്ങില്‍ ജൂറി അംഗങ്ങളായ ജലീല്‍ പട്ടാമ്പി, ബിജു ശങ്കര്‍, നമിത സുബീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രമേശ് പയ്യന്നൂര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. യുവ കലാ സാഹിതി വെബ്‌സൈറ്റിലൂടെ ലഭിച്ച പൊതുജന നോമിനേഷനുകള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
”മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും മനുഷ്യത്വത്തിന്റെ അംശങ്ങള്‍ ചോര്‍ന്നു പോകുന്നോയെന്ന് സംശയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍, പ്രവാസികളുടെ ദുഃഖങ്ങളും പ്രയാസങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പ്രതിഫലിപ്പിക്കുന്ന തിളക്കമുള്ള ഒരു കണ്ണാടിയാണ് ഏഷ്യാനെറ്റിലെ അരുണ്‍ രാഘവന്റെ വാര്‍ത്താധിഷ്ഠിത പരിപാടി. ജനങ്ങള്‍ ഒരിക്കലും അറിയാതെ പോകുമായിരുന്ന പ്രവാസികളുടെ അനവധി ജീവല്‍ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കാനും സുമനസ്സുകളുടെയും സര്‍ക്കാറുകളുടെയും സമയോചിതമായ ഇടപെടലിന് നാന്ദിയാവാനും അരുണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന് കഴിഞ്ഞിട്ടുണ്ട്. അരുണ്‍ രാഘവനാണ് 2021ലെ സി.കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരത്തിന് അര്‍ഹനായത്” -ജൂറി പ്രസ്താവനയില്‍ പറഞ്ഞു.
ഏപ്രില്‍ 23ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ 2021 ദിര്‍ഹമും ശില്‍പവുമടങ്ങിയ സ്മൃതി പുരസ്‌കാരം സമര്‍പ്പിക്കും. ചടങ്ങ് കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.കെ വിനോദന്‍ സി.കെ ചന്ദ്രപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തും.