റമദാനില്‍ വേറിട്ട കാഴ്ചയുമായി ചിത്ര പ്രദര്‍ശനം

ഷാര്‍ജ: റമദാനെ വരവേറ്റ് വേറിട്ട കാഴ്ചകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്ര പ്രദര്‍ശനത്തിന് നൊവോട്ടല്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. ‘റമദാന്‍ ആര്‍ട്ട് നൈറ്റ്‌സ്’ എന്ന പേരില്‍ ആര്‍ട്ട് ഫോര്‍ യു ഗ്യാലറിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മഹാമാരിക്കിടയിലും സാധ്യമായ സാഹചര്യങ്ങളിലൂടെ കലാപ്രവര്‍ത്തകര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യുഎഇയില്‍ താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് വനിതകളുടെ രചനകളാണ് പ്രദര്‍ശനത്തിലുള്ളത്. റോവ അല്‍ മദനി (യുഎഇ), ഗുല്‍നാസ് ഷക്കീല്‍, ബിന സഫ്ദര്‍ (പാക്കിസ്താന്‍), യാസ്മിന്‍ നഈം (സഊദി അറേബ്യ), നതാലിയ വിദ്യുഗോവ (റഷ്യ), ജെസ്‌നോ ജാക്‌സണ്‍, തൗഹീദ തമീം, മേഘ മഞ്ജരേക്കര്‍ (ഇന്ത്യ) എന്നിവരുടെ സൃഷ്ടികളാണ് ഇതിലുള്ളത്. സഹാനുഭൂതിയും സ്‌നേഹവും സന്തോഷവും റമദാന്‍ മാസത്തിന്റെ പശ്ചാത്തലത്തില്‍ രചനകളിലൂടെ കാണികളിലേക്ക് എത്തിക്കാനാണ് സംഘം ശ്രമിക്കുന്നത്.

യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍, കാലിഗ്രാഫി, അറബിക് പൈതൃകം, വന്യജീവികള്‍, പള്ളികള്‍ എന്നിവയെല്ലാം രചനകളിലുള്‍പ്പെടും. വിവിധ പ്രായക്കാര്‍ക്ക് ചിത്രരചനാ ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. കലാകാരന്മാര്‍ക്ക് വേദിയൊരുക്കുന്നതിലുപരി കലയിലൂടെ ഏവരെയും ചേര്‍ത്തു നിര്‍ത്താനുള്ള ആര്‍ട്ട് ഫോര്‍ യു ഗ്യാലറിയുടെ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് സ്ഥാപകന്‍ രഞ്ജി ചെറിയാന്‍ അറിയിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളാണ് വേറിട്ട ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പ്രചോദനമെന്ന് ജെസ്‌നോ ജാക്‌സണ്‍ പറഞ്ഞു. റമദാന്‍ അവസാനം വരെ രാത്രി ഏഴു മുതല്‍ പ്രദര്‍ശനം ആരംഭിക്കും.