പൊട്ടങ്കണ്ടി അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: പ്രവാസിയുടെ കവിത ശ്രദ്ധയാകര്‍ഷിക്കുന്നു

57

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍മദീന ഗ്രൂപ് ചെയര്‍മാനും കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പൊട്ടങ്കണ്ടി (പി.കെ) അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അല്‍മദീന ഗ്രൂപ് സ്റ്റാഫും കവിയുമായ അബ്ദുല്ലക്കുട്ടി ചേറ്റുവ എഴുതിയ കവിത ശ്രദ്ധയാകര്‍ഷിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ റെക്കോര്‍ഡ് ചെയ്ത ഈ കവിത മാര്‍ച്ച് 26 മുതല്‍ നാടു നീളെ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അബ്ദുല്ലക്കുട്ടി തന്നെയാണ് കവിത ആലപിച്ചിട്ടുള്ളതും. രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്ന അല്‍മദീന ഗ്രൂപ്പിനെ നയിക്കുന്നതിനൊടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും സ്തുത്യര്‍ഹമായി നിര്‍വഹിച്ചു വരുന്ന വ്യക്തിത്വമാണ് പി.കെ അബ്ദുല്ല. തികഞ്ഞ മനുഷ്യ സ്‌നേഹിയായ അദ്ദേഹം, മണ്ഡലത്തിലുനീളവും പുറത്തും സുപരിചിതനാണ്. യുഎഇയില്‍ ബിസിനസ് മേഖലയില്‍ അറിയപ്പെടുന്ന പി.കെ അബ്ദുല്ല തൊഴിലുടമ എന്ന നിലയില്‍ എല്ലാ ജീവനക്കാര്‍ക്കും എപ്പോഴും സമീപിക്കാവുന്നയാളാണ്. ‘പികെ അഭിമാന താരം’ എന്ന ശീര്‍ഷകത്തിലുള്ള കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
”നാടിന്റെ നന്മക്കായ് നല്‍കണം വോട്ടുകള്‍
കൂത്തുപറമ്പിന്റെ മോചനം ലക്ഷ്യമായ്
നല്‍കണം വോട്ടുകള്‍ യുഡിഎഫിന്നായ്
കാലങ്ങളേറെയായ് കാരുണ്യ ഹസ്തമായ്
നമ്മെത്തഴുകിയ സ്‌നേഹനിലാവായ്
പിറന്ന നാട്ടിലും മണല്‍ നാട്ടിലും
എത്രയോ കുടുംബങ്ങള്‍ക്ക് തണല്‍ വിരിച്ചവര്‍”.

ഇത്തരമൊരു കവിത തനിക്ക് തയാറാക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അല്‍മദീന ഗ്രൂപ്പിന് കീഴിലുള്ള റോയല്‍ പാരീസ് ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് റിസപ്ഷനിസ്റ്റായ അബ്ദുല്ലക്കുട്ടി പറയുന്നു. നാലര പതിറ്റാണ്ടായി പ്രവാസ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന മനുഷ്യ സ്‌നേഹിയായ പി.കെ വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജീവനക്കാര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ജീവനക്കാരില്‍ നൂറുകണക്കിനാളുകള്‍ വോട്ട് രേഖപ്പെടുത്താനും കുടുംബങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് സമാഹരിക്കാനുമായി ഇതിനകം നാട്ടിലേക്ക് പോയിട്ടുണ്ട്. ഏപ്രില്‍ നാലിന് ദുബൈയില്‍ നിന്ന് ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് നാട്ടിലേക്ക് പോകുന്നുണ്ട്. ഇതിന്റെ ചെലവ് അല്‍മദീന ഗ്രൂപ്പാണ് വഹിക്കുന്നത്.
കേരളത്തിലെ മുസ്‌ലിം ലീഗ് പ്രസ്ഥാനവും കെഎംസിസിയും സുഹൃത്തുക്കളുമെല്ലാം ആവശ്യപ്പെട്ടപ്പോള്‍ അവിചാരിതമായി കൂത്തുപറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു
പാനൂര്‍ സ്വദേശിയായ പി.കെ. കൂത്തുപറമ്പ് മണ്ഡലത്തില്‍ മുന്‍ മന്ത്രിയും ഉറ്റ സുഹൃത്തും നാട്ടുകാരനുമായ കെ.പി മോഹനന്‍ ആണ് പ്രധാന എതിരാളിയെന്നതും ഈ മണ്ഡലത്തിലെ പോരാട്ടത്തെ വേറിട്ടതാക്കുന്നു. കെ.പി മേഹാനന്റെ പിതാവും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആര്‍ കുറുപ്പ് ആണ് പി.കെയുടെ രാഷ്ട്രീയ ഗുരു. പി.ആര്‍ കുറുപ്പിന്റെ ആത്മസുഹൃത്താണ് പി.കെ അബ്ദുല്ലയുടെ പിതാവും 27 വര്‍ഷം തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി. 1978ലാണ് പൊട്ടങ്കണ്ടി അബ്ദുല്ല സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നത്. എങ്കിലും, പി.ആര്‍ കുറുപ്പും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധത്തിന് രാഷ്ട്രീയ മാറ്റം തടസ്സമായില്ല. 1975ലാണ് പി.കെയുടെ പ്രവാസം തുടങ്ങുന്നത്. ദേരയില്‍ പഴയ മല്‍സ്യ മാര്‍ക്കറ്റിന് സമീപമുള്ള മദീന ഹെഡ് ഓഫീസിന്റെ പ്രധാന ചുമതല ഏറ്റെടുത്തു. മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന പൊട്ടങ്കണ്ടി അബ്ദുല്ല, തലശ്ശേരി കാന്‍സര്‍ ആശുപത്രിക്കടക്കം വലിയ സംഭാവനകളര്‍പ്പിച്ചു വരുന്നു. ആ സ്‌നേഹ ബന്ധങ്ങളെല്ലാം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹവും യുഡിഎഫും. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാമെന്ന ലക്ഷ്യത്തിലാണ് കോണി ചിഹ്‌നത്തിലുള്ള പോരാട്ടം.
23 വര്‍ഷമായി യുഎഇയിലുള്ള അബ്ദുല്ലക്കുട്ടി ചേറ്റുവയുടെ നിരവധി കവിതകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ ഗാനങ്ങളുമുണ്ട്. യുഎഇയിലെ സാംസ്‌കാരിക രംഗത്ത് സജീവമാണ് കെഎംസിസി അനുഭാവി കൂടിയായ അബ്ദുല്ലക്കുട്ടി.
പി.കെയുടെ വിജയം സുനിശ്ചിതമാക്കാനുള്ള യത്‌നത്തിലാണ് പ്രവാസ ലോകവും. ഇതിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിരവധി ജീവനക്കാര്‍ പങ്കാളികളാണ്. റോയല്‍ പാരീസ് സിഇഒ അബ്ദുല്‍ അസീസ് പാലേരിയും അദ്ദേഹത്തിന്റെ മകനും ഗായകനുമായ നജം പാലേരിയും മറ്റു പലരും അനൗണ്‍സ്‌മെന്റും ഗാനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളുമായി പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു.

അബ്ദുല്ലക്കുട്ടി ചേറ്റുവ