ഫില്ലി കഫേ അമേരിക്കയിലേക്ക്; സഊദി, ബഹ്‌റൈന്‍, കുവൈത്ത് ശാഖകള്‍ ഉടന്‍

അമേരിക്കയിലെ ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയുമായി ഫില്ലി കഫേ സിഇഒ റാഫിഹ് ഫില്ലി മറ്റു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ കരാറൊപ്പിട്ടപ്പോള്‍

ദുബൈ: യുഎഇയിലെ പ്രശസ്ത കാഷ്വല്‍ കഫേ ബ്രാന്‍ഡായ ‘ഫില്ലി കഫേ’ അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യുഎസ്എയിലെ ടെക്‌സസില്‍ ഫില്ലി കഫേയുടെ ആദ്യ സ്റ്റോര്‍ ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗള്‍ഫില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം, ഫില്ലിയുടെ ബ്രാന്‍ഡഡ് തേയിലപ്പൊടി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളും താമസിയാതെ വിപണിയിലെത്തും.
ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയുമായി ഫില്ലി കഫേ സിഇഒ റാഫിഹ് ഫില്ലി മറ്റു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ കരാറൊപ്പിട്ടു. ഹൂസ്റ്റണ്‍,ഡാലസ്, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ നഗരങ്ങളിലായി ഇരുപതോളം ഫില്ലി കഫേകള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റാഫിഹ് ഫില്ലി പറഞ്ഞു.
ഫ്രാഞ്ചൈസികള്‍ മുഖേന യുകെയിലും കാനഡയിലും 20 ശാഖകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. യുഎഇയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം നൂറ് ശാഖകളുണ്ടാകും. സഊദിയിലും ബഹ്‌റൈനിലും കുവൈത്തിലും ഇതോടൊപ്പം ഫില്ലി കഫേകള്‍ പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ ഖത്തറിലും ഒമാനിലും ശാഖകളുണ്ട്. ഫില്ലിയുടെ പ്രശസ്തമായ സഫ്രോണ്‍ ചായപ്പൊടി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ താമസിയാതെ റീടെയില്‍ വിപണിയിലെത്തുമെന്ന് ഫില്ലി ഓപറേഷന്‍സ് ഡയറക്ടര്‍ സിജു ചന്ദ്രന്‍ പറഞ്ഞു.
തുടക്കത്തില്‍ യുഎഇയിലെ 450 സൂപര്‍ മാര്‍ക്കറ്റുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ഈ ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഫില്ലിയുടെ ടീ ബാഗുകള്‍, ഗ്രീന്‍ ടീ എന്നിവയും ഇത്തരത്തില്‍ വിപണിയിലെത്തുമെന്നും സംരംഭകര്‍ അറിയിച്ചു.