നോമ്പുകാരന് ആവശ്യമായ സ്വഭാവ ഗുണങ്ങള്‍

പ്രമുഖ സ്വഹാബി വര്യന്‍ ജാബിര്‍ ബ്‌നു അബ്ദുല്ല (റ) പറയുന്നു: ”നോമ്പുകാരന്റെ കാതും കണ്ണും നാവുമെല്ലാം നോമ്പുകാരായിക്കണം. ജനോപദ്രവ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. നോമ്പുകാലങ്ങളില്‍ ഗൗരവവും ഗാഭീര്യവും നിലനിര്‍ത്തുന്നതോടൊപ്പം ശാന്തത കൈവരുത്തണം. നോമ്പുള്ള ദിവസവും അല്ലാത്ത ദിവസവും ഒരുപോലെയാവരുത്” (ശുഅ്ബുല്‍ ഈമാന്‍ 3374). വ്രതാനുഷ്ഠാനി മഹിതമായ സ്വഭാവ വിശേഷണങ്ങളും സ്തുത്യര്‍ഹമായ പെരുമാറ്റങ്ങളും ചട്ടങ്ങളും കണിശമായി പാലിക്കുന്നവനായിരിക്കണമെന്നാണ് പ്രസ്തുത മഹദ് വചനം ഉല്‍ബോധിപ്പിക്കുന്നത്.
നോമ്പുകാരന്റെ ഓരോ അവയവവും വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായിരിക്കണം. ഓരോന്നും അതിന്റേതായ ധര്‍മം കൈവെടിയുകയുമരുത്. നല്ലത് മാത്രമേ മൊഴിയാവൂ. വ്രത വിശുദ്ധിയെ ബാധിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. പകല്‍ സമയം ആരാധനകളാല്‍ വ്യാപൃതനാവണം. നോമ്പുകാരനായി സ്രഷ്ടാവിനോട് ഏറ്റം ആരാധനയിലായിരിക്കുന്നതോടൊപ്പം, സൃഷ്ടികളോട് സല്‍സ്വഭാവിയായി വര്‍ത്തിക്കുകയും വേണം. കാരണം, നോമ്പ് ആത്മ സംസ്‌കരണത്തിന്റെ ആരാധനയാണ്; സ്വഭാവ സ്വാംശീകരണത്തിന്റെയും. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്, ”മുന്‍ സമുദായങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത് ഭയഭക്തിയുള്ളവരാവാന്‍ വേണ്ടിയാണ്” (സൂറത്തുല്‍ ബഖറ 183) എന്നത്.
വ്രതം ആരാധനകള്‍ക്കുള്ള പള്ളിക്കൂടമാണ്. മാനവിക, സാംസ്‌കാരിക മൂല്യങ്ങള്‍ ജീവിതത്തില്‍ കൊണ്ടു നടക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്. നമസ്‌കാരങ്ങള്‍ നിലനിര്‍ത്താനും ഖുര്‍ആന്‍ പാരായണം ശീലമാക്കാനും ആത്മാര്‍ത്ഥമായി സത്കര്‍മങ്ങള്‍ ചെയ്യാനും വ്രതാവസരത്തെ ഉപയോഗപ്പെടുത്തണം. മാത്രമല്ല, സംശുദ്ധമായ സ്വഭാവ രൂപീകരണവും യാഥാര്‍ത്ഥ്യമാക്കണം. നല്ല ശീലങ്ങള്‍ പഠിക്കാനും പകര്‍ത്താനും ഹേതുകമാവണം. സഹിഷ്ണുവായിരിക്കണം. ജനങ്ങളോടുള്ള ഇടപെടലുകളിലും ഇടപാടുകളിലും ക്ഷമ ഉറപ്പു വരുത്തണം. മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറണം. പ്രത്യേകിച്ചും, കുടുംബക്കാരെ അടുത്തറിഞ്ഞ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവണം. എന്നാല്‍ മാത്രമേ, നോമ്പുകാരന്റെ നോമ്പ് അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ. അല്ലാഹുവില്‍ നിന്നുള്ള വാഗ്ദത്ത പ്രതിഫലം ലഭിക്കുകയുള്ളൂ. വ്രതത്തിനുള്ള പ്രതിഫല ദാനം വേറിട്ടതാണ്. അത് അല്ലാഹു തന്നെ പ്രത്യേകമായി ഏറ്റെടുത്തതാണ്. ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു: ”മനുഷ്യന്റെ എല്ലാ സത്കര്‍മങ്ങളും അവനുള്ളതാണ്. എന്നാല്‍ നോമ്പ്, അത് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലം ഞാന്‍ തന്നെ നല്‍കുന്നതായിരിക്കും” (ബുഖാരി, മുസ്‌ലിം)”. നോമ്പുകാരന് ഇരട്ടികളായ പ്രതിഫലങ്ങള്‍ അല്ലാഹു നേരിട്ട് നല്‍കുമെന്നര്‍ത്ഥം.
റമദാനില്‍ നാം പ്രത്യേക ശ്രദ്ധിക്കേണ്ട കാര്യമാണ് ചെലവുകളിലെ മിതത്വം. അന്ന-പാനീയങ്ങളില്‍ അമിത വ്യയം പാടില്ല. മിത വ്യയം ശീലിക്കണം. അല്ലാഹു പറയുന്നു: ”അന്ന-പാനാദികള്‍ കഴിക്കുക. എന്നാല്‍, ദുര്‍വ്യയം അരുത്. ദുര്‍വ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (സൂറത്തുല്‍ അഅ്‌റാഫ് 31).
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠിയായ സത്യവിശ്വാസി അല്ലാഹുവില്‍ നിന്നുള്ള ഭക്ഷ്യങ്ങളടക്കമുള്ള അനുഗ്രഹങ്ങളെ ആവശ്യത്തില്‍ അതിര്‍ കവിയാതെ ഉപയോഗിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ, ആമീന്‍.