മീസാനില്‍ ഘനം കൂട്ടുന്ന സല്‍കര്‍മങ്ങള്‍

14

പരലോകത്ത് നന്മ-തിന്മകള്‍ തുലാസില്‍ (മീസാന്‍) തൂക്കി തുലനം ചെയ്ത് ഘനം കൂടുന്നത് പ്രകാരം പ്രതിഫലം നല്‍കപ്പെടുന്നതാണല്ലോ. ”ആരുടെ തുലാസ് നന്മ കൊണ്ട് കനം തൂങ്ങിയോ അവന്‍ ആഹ്‌ളാദ നിര്‍ഭരമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസ് കനം കുറഞ്ഞതായോ ഹാവിയ ആയിരിക്കും അവന്റെ ആവാസ കേന്ദ്രം. അതെന്താണെന്നോ, അതി തീക്ഷ്ണമായ ചൂടുള്ള നരകം” (സൂറത്തുല്‍ ഖാരിഅ 6, 7, 8, 9, 10, 11). സല്‍കര്‍മങ്ങളില്‍ തന്നെ തുലാസില്‍ നന്മയുടെ ഭാഗത്തെ കൂടുതല്‍ ഭാരമുള്ളതാക്കുന്നത് ദിക്‌റുകളാണ്. ദൈവ സ്മരണകളായ ദിക്‌റുകളില്‍ തന്നെ പ്രത്യേകമായത് നബി (സ്വ) പഠപ്പിച്ചു തന്നിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്നീ ദിക്‌റുകള്‍ മീസാനില്‍ കനം കൂട്ടുന്നതാണ് (ഹദീസ് അഹ്മദ് 15107).
ദിക്ര്‍ നാവില്‍ ഉച്ചരിക്കാന്‍ ലഘുവും നന്മ-തിന്മകളുടെ തുലാസില്‍ കനത്താല്‍ കഠിനവുമാണ്. നാഥന് ഏറെ ഇഷ്ടമുള്ള കാര്യമാണ് ദിക്‌റുരവിടല്‍. ദിക്‌റുകളിലൂടെ അല്ലാഹുവിങ്കല്‍ ഉയര്‍ന്ന സ്ഥാനലബ്ധി സാധ്യമാവുകയും പ്രതിഫലങ്ങള്‍ ഇരട്ടികളാവുകയും ചെയ്യും. ദിക്‌റുകളില്‍ വച്ചേറ്റവും ശ്രേഷ്ഠം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് അല്ലാഹുവിന് ഏക ദൈവത്വം പ്രഖ്യാപിക്കുന്ന തഹ്‌ലീല്‍ ആണ്. നൂഹ് നബി (അ) തങ്ങളുടെ രണ്ടു മക്കളോട് വസ്വിയ്യത്ത് ചെയ്തത് ഇങ്ങനെ: ഞാന്‍ നിങ്ങളോട് രണ്ടു പേരോടും ലാ ഇലാഹ ഇല്ലല്ലാഹ് ഉരുവിടാന്‍ കല്‍പിക്കുന്നു. ആകാശ-ഭൂമികളും അവയിലുള്ള സകലതും തുലാസിന്റെ ഒരു ഭാഗത്തും; മറുഭാഗത്ത് ഈ വാക്യവും തൂക്കിയാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് ആയിരിക്കും കൂടുതല്‍ ഭാരം തൂങ്ങുക (ഹദീസ് അഹ്മദ് 7101). അല്ലാഹുവിന്റെ തിരുനാമത്തിനൊപ്പം ഒന്നും തൂക്കത്തിനൊക്കില്ലെന്നാണ് നമ്മുടെ നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്മദ് 6699, തുര്‍മുദി 2639).
നിത്യജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ദിക്‌റുകള്‍ പതിവാക്കുന്നവര്‍ക്ക് -പ്രത്യേകിച്ചും നമസ്‌കാരങ്ങള്‍ക്ക് ശേഷവും ഉറങ്ങുന്നതിന് മുന്‍പും ദിക്‌റുകള്‍ ചൊല്ലല്‍ ശീലമാക്കുന്നവര്‍ക്ക് -വമ്പിച്ച പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. അവരുടെ നന്മയുടെ തുലാസ് ഭാരമേറുകയും ചെയ്യും. നബി (സ്വ) പറയുന്നു: രണ്ടു കാര്യങ്ങള്‍, അവ ശീലമാക്കിയ സത്യവിശ്വാസി സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കും. അവ വളരെ എളുപ്പമാണ്. എന്നാല്‍, അങ്ങനെ ചെയ്യുന്നവര്‍ വളരെ വിരളവും. ഒന്ന്, എല്ലാ നമസ്‌കാരങ്ങള്‍ക്ക് ശേഷവും പത്തു പ്രാവശ്യം വീതം തസ്ബീഹ്, ഹംദ്, തക്ബീര്‍ എന്നിവ ചൊല്ലല്‍. അങ്ങനെ ഒരു ദിവസം നാവു കൊണ്ട് 150 ദിക്‌റുകള്‍ ഉച്ചരിക്കുമെങ്കിലും ഫലത്തില്‍ 1,500 ദിക്‌റുകളായിട്ടാണ് മീസാനില്‍ തൂങ്ങുക. രണ്ടാം കാര്യം, കിടക്കുന്ന നേരത്ത് 34 പ്രാവശ്യം തക്ബീര്‍, 33 പ്രാവശ്യം വീതം ഹംദും തസ്ബീഹും ചൊല്ലല്‍. അങ്ങനെ, നാവു കൊണ്ട് നൂറു ദിക്‌റുകള്‍ ഉച്ചരിക്കുമെങ്കിലും ഫലത്തില്‍ ആയിരം ദിക്‌റുകളായിട്ടാണ് മീസാനില്‍ തൂങ്ങുക (ഹദീസ് അബൂ ദാവൂദ് 5065, നസാഈ 1348, തുര്‍മുദി 3410, ഇബ്‌നു മാജ 926).
സല്‍സ്വഭാവ ഗുണങ്ങളും മീസാനില്‍ തൂക്കം കൂട്ടുന്ന നന്മകളാണ്. സല്‍സ്വഭാവം നന്മയുടെ തുലാസില്‍ ഭാരമേറ്റുന്നതാണത്രെ (ഹദീസ് അബൂദാവൂദ് 4799, തുര്‍മുദി 2003). സല്‍സ്വഭാവികളോടാണ് നബി(സ്വ)ക്ക് ഏറെ ഇഷ്ടം. അവരായിരിക്കും അന്ത്യനാളില്‍ നബി(സ്വ)യോട് ഏറ്റവും അടുത്തവരും (ഹദീസ് തുര്‍മുദി 3054). സ്വല്‍സ്വഭാവം ഹൃദയങ്ങളെ കോര്‍ത്തിണക്കി ബന്ധങ്ങളെ സുദൃഢമാക്കുന്ന മാസ്മരികതയാണ്. അക്രമിക്ക് മാപ്പു നല്‍കലും തര്‍ക്കിക്കുന്നവനോട് ആത്മസംയമനം പാലിക്കലുമെല്ലാം സ്വഭാവ മഹിമകളാണ്.
—————-