പവിത്രമായ പത്തു ദിന രാത്രങ്ങള്‍

പോരിശയാര്‍ന്ന ദിനരാത്രങ്ങളാണ് റമദാന്‍ അവസാന പത്തിലേത്. ഈ ദിവസങ്ങളില്‍ നബി (സ്വ) മറ്റു ദിവസങ്ങളില്‍ ചെയ്യുന്നതിലുപരി പ്രത്യേകമായി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുമായിരുന്നു (ഹദീസ് മുസ്‌ലിം 1175). പകല്‍ സമയത്ത് ദിക്‌റുകളും മറ്റു സല്‍കര്‍മങ്ങളുമായി സജീവമായിരുന്നു. നിശാ നമസ്‌കാരങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകിയുമിരുന്നു. പ്രവാചക പത്‌നി മഹതി ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നു: ”റമദാന്‍ അവസാന പത്ത് തുടങ്ങിയാല്‍ പ്രവാചകര്‍ (സ്വ) രാത്രികളെ നിദ്രാ വിഹീനമാക്കുകയും കുടുംബക്കാരെ ഉണര്‍ത്തുകയും ചെയ്യുമായിരുന്നു (ഹദീസ് ബുഖാരി, മുസ്‌ലിം).
ആയിരം മാസങ്ങളെക്കാള്‍ പുണ്യമാക്കപ്പെട്ട ഒരൊറ്റ രാവായ ‘ലൈലത്തുല്‍ ഖദ്ര്‍’ പ്രതീക്ഷപ്പെടുന്നത് ഈ പത്തു രാവുകളിലാണ്. അതു കൊണ്ടുതന്നെ, ഈ ദിവസങ്ങളിലെ ആരാധനകള്‍ക്ക് പവിത്രത ഏറെയാണ്. ഈ രാവുകളിലെ ആരാധനകള്‍ക്കും മറ്റു സല്‍കര്‍മങ്ങള്‍ക്കുമുള്ള പ്രതിഫലവും പ്രത്യേകമാണ്. ഈ രാത്രികളില്‍ കുടുംബക്കാരെ ഉറക്കത്തില്‍ നിന്നുണര്‍ത്തി നമസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും കൂടെ കൂട്ടുന്നത് നബി (സ്വ) കാണിച്ചു തന്നതാണ്. അലിയ്യു ബ്‌നു അബൂ ത്വാലിബ് (റ) പറയുന്നു: റമദാന്‍ മാസത്തിലെ അവസാന പത്തുകളിലെ രാവില്‍ നബി (സ്വ) കുടുംബക്കാരെയും നമസ്‌കരിക്കാന്‍ ആവതുള്ള ചെറുതും വലുതുമായ എല്ലാവരെയും ഉണര്‍ത്തുമായിരുന്നു (ഹദീസ് തുര്‍മുദി 795, ത്വബ്‌റാനി മുഅ്ജമുല്‍ ഔസത്വ് 7/253).
ഇനിയുള്ള രാപകലുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചു കൊണ്ടുള്ള ആത്മീയാന്തരീക്ഷത്തോടെ കുടുംബക്കാരോടൊപ്പം ആരാധനാ നിമഗ്‌നമാക്കാം മനസ്സും ശരീരവുമെല്ലാം. ഖുര്‍ആന്‍ മാസമായ റമദാനിലെ പത്തര മാറ്റുള്ള അവസാന പത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു ആരാധനാ, പ്രാര്‍ത്ഥനാ കര്‍മങ്ങളില്‍ മുഴുകിയും മുതലാക്കാം.
ദാനധര്‍മങ്ങളും അധികരിപ്പിക്കേണ്ട മാസമാണ് റമദാന്‍. പ്രത്യേകിച്ചും, അവസാന പത്തിലെ ദാനങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലമാണുള്ളത്. നന്മകള്‍ക്കും സാമൂഹിക സഹകരണങ്ങള്‍ക്കുമുള്ള ധന വിനിയോഗത്തില്‍ ഈ യുഎഇ നാടിന്റെ പിതാവ് ശൈഖ് സായിദ് മാതൃകയാണ്. നന്മയുടെ കാര്യത്തിലും ദൈവ ഭക്തിയുടെ കാര്യത്തിലും പരസ്പരം സഹകരിക്കണമെന്നാണല്ലോ അല്ലാഹുവിന്റെ കല്‍പന. ഈ നാടിന്റെ സഹായ ഹസ്തങ്ങള്‍ പ്രാദേശിക അതിര്‍ വരമ്പുകള്‍ ഭേദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയാണ്. വരൂ, നമുക്ക് നന്മക്കായി മത്സരിച്ച് മുന്നേറാം.