ലുലുവില്‍ ചക്കമേള

25
'ലുലു ജാക്ക് ഫ്രൂട്ട് ഫെസ്റ്റ് '21' ഖിസൈസ് ലുലുവില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം ആന്‍ അഗസ്റ്റിനും അറബിക് താരം അഹമ്മദ് അല്‍ ഹാഷിമിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍. ലുലു ഗ്രൂപ് ഡയറക്ടര്‍മാരായ എം.എ സലീം, ജെയിംസ് കെ.വര്‍ഗീസ് സമീപം

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ചക്ക മേളക്ക് തുടക്കമായി. ഏപ്രില്‍ ഏഴ് വരെ നടക്കുന്ന ‘ലുലു ജാക്ക് ഫ്രൂട്ട് ഫെസ്റ്റ് ’21’ ഖിസൈസ് ലുലുവില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം ആന്‍ അഗസ്റ്റിനും അറബിക് താരം അഹമ്മദ് അല്‍ ഹാഷിമിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ് ഡയറക്ടര്‍മാരായ എം.എ സലീം, ജെയിംസ് കെ.വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
ഇന്ത്യ, മലേഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 25 ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളുമാണ് മേളയിലുള്ളത്. നാട്ടില്‍ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി എത്തിച്ചിരിക്കുന്നതെന്ന് എം.എ സലീം പറഞ്ഞു. മേള ഒരാഴ്ചത്തേക്കാണെങ്കിലും ചക്ക സീസണ്‍ കഴിയുന്നതു വരെ ലുലുവില്‍ ഇവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചക്കയുടെ ഇത്രയും വ്യത്യസ്തയിനങ്ങള്‍ ആദ്യമായാണ് നേരില്‍ കാണുന്നതെന്ന് ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.