കഷ്ഖയുടെ ‘ജലബിയ ത്രൂ ദി ലെന്‍സ്’ പ്രദര്‍ശനം ഷാര്‍ജയില്‍ മെയ് 14 വരെ

'ജലബിയ ത്രൂ ലെന്‍സ്' പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന്

ദുബൈ: ഷാര്‍ജ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ ഷാര്‍ജ സിറ്റി സെന്റര്‍ അല്‍സാഹിയയില്‍ ‘കഷ്ഖ’ ആഭിമുഖ്യത്തില്‍ സ്പ്രിംഗ്, സമ്മര്‍ ആന്റ് റമദാന്‍ 2021 കലക്ഷനുമായി ബന്ധപ്പെട്ട് ‘ജലബിയ ത്രൂ ലെന്‍സ്’ എന്ന ശീര്‍ഷകത്തില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങില്‍ കഷ്ഖയുടെ ഏറ്റവും ആകര്‍ഷകമായ റമദാന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് ആന്റ് ഡിസൈനിലെ ഉന്നത പ്രതിഭാ ശേഷിയുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ എടുത്ത ഫോട്ടോകളിലെ 25 എണ്ണമാണ് ഇവിടെ പ്രദര്‍ശനത്തിലുള്ളത്. ഫൈന്‍ ആര്‍ട്‌സ് പ്രോഗ്രാം സീനിയര്‍ ലക്ചറര്‍ പ്രൊഫ. ടോര്‍ സെയ്ഡലിന്റെ പരിശീലനത്തിലും മേല്‍നോട്ടത്തിലുമായിരുന്നു ഇതിന്റെ ഫോട്ടോഷൂട്ട് നടന്നത്. ഉദ്ഘാടന ചടങ്ങില്‍ മികവ് പുലര്‍ത്തിയ ഇമാന്‍ ആദില്‍, മുഹാബ് തിലിമാത്, ഹിന്ദ് ഫാരിസ്, സൈനാ അറഫ, ഹയാ ഹുസ്‌നിയ എന്നീ വിദ്യാര്‍ത്ഥികളെ കഷ്ഖയുടെയും സിറ്റി സെന്ററിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാര സമര്‍പ്പണം

രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംസ്‌കാരവും ജീവിത ശൈലിയും ‘ജലബിയ’യിലൂടെ ബോധ്യപ്പെടുത്തുകയാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. കഴിവും ശേഷിയുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഭയെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുമെന്ന് പ്രൊഫ. ടോര്‍ പ്രത്യാശിച്ചു. കഷ്ഖയിലെ ഏറ്റവും പുതിയ ശേഖരം മികവാര്‍ന്ന ഫോട്ടോഗ്രഫിയിലൂടെ തനിമ ചോരാതെയും പ്രൊഫഷണലിസത്തോടെയും ഒപ്പിയെടുത്തിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ. ടോര്‍ സെയ്ഡലിനൊപ്പം കഷ്ഖ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അമിത് യാദവും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ക്‌ളാസിക് ജലബിയകള്‍, ഹിജാബുകള്‍, തലമുറകള്‍ കൈമാറിയ സമ്പന്നമായ അറേബ്യന്‍ പൈതൃകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പ്രൗഢ ഇനങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുള്ളത്.
നിത്യവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. മെയ് 14 വരെ പ്രദര്‍ശനം നീളും.