കോയമ്മ തങ്ങള്‍ പിന്തുടര്‍ന്നത് ബാഫഖി തങ്ങളുടെ പാത

ഹാമിദ് കോയമ്മ തങ്ങള്‍ പങ്കെടുത്ത ദുബൈയിലെ ഒരു പൊതുചടങ്ങ് (ഫയല്‍)

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനും സമസ്തക്കും ഒരേ സമയം നേതൃത്വം നല്‍കിയ മഹാനായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പാതയാണ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ എന്നും പിന്തുടര്‍ന്നത്. ദുബൈ സുന്നി സെന്ററിന്റെ നായകനായും കെഎംസിസിയുടെ ഉപദേശകനായും സമുദായൈക്യത്തിന്റെ പാതയൊരുക്കുന്ന പക്വതയുള്ള നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്.
1954 നവംബര്‍ 1ന് കണ്ണൂര്‍ രാമന്തളിയില്‍ വളപട്ടണം സയ്യിദ് ചെറുകോയ തങ്ങളുടെ മകനായി ജനിച്ച ഹാമിദ് കോയമ്മ തങ്ങള്‍, രാമന്തളി സര്‍ക്കാര്‍ മാപ്പിള ഹൈസ്‌കൂളിലാണ് പ്രാഥമിക പഠനം നടത്തിയത്. അഞ്ചാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ എംഎസ്എഫ് പ്രവര്‍ത്തകനായി. കമ്പില്‍ സ്‌കൂള്‍ യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റായി സജീവ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്നു. പന്ന്യങ്കണ്ടി പള്ളിയില്‍ മര്‍ഹൂം മാങ്കടവ് പി.ഹുസൈന്‍ മുസ്‌ല്യാരുടെ കീഴില്‍ ദര്‍സില്‍ പഠിച്ചു കൊണ്ടായിരുന്നു സ്‌കൂള്‍ പഠനം തുടര്‍ന്നത്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കേരളത്തില്‍ ആദ്യമായി നടപ്പാക്കിത്തുടങ്ങിയവരിലൊളായിരുന്നു ഹുസൈന്‍ മുസ്‌ല്യാര്‍. കമ്പില്‍ പ്രദേശത്ത് മുസ്‌ലിം കോണ്‍ഗ്രസ്സുകാര്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്. അതിനാല്‍ തന്നെ, എംഎസ്എഫുകാരന്‍ എന്ന നിലയില്‍ വലിയ എതിര്‍പ്പുകള്‍ തന്നെ നേരിടേണ്ടി വന്നു. എങ്കിലും, നിശ്ചയ ദാര്‍ഢ്യവും നേതൃഗുണവും കൊണ്ട് അതിജീവിക്കാനായി. രാമന്തളി തങ്ങന്മാരുടെ കുടുംബം പണ്ഡിതന്മാരുടെ തറവാട് കൂടിയായിരുന്നു. അതിനാല്‍ തന്നെ, കോയമ്മ തങ്ങളും വിദ്യാഭ്യാസപരമായി വലിയ വിജയം നേടി. എസ്എസ്എല്‍സി കഴിഞ്ഞ് തളിപ്പറമ്പ സര്‍ സയ്യിദ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അവിടെ എംഎസ്എസ് നേതാവും സീനിയറുമായി ഉണ്ടായിരുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു.
സാമുദായിക ഐക്യം കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ എന്നും മുന്നില്‍ നിന്നു. പ്രവാസികളുടെ ദൈനംദിന ജീവിതവുമായി എന്നും ബന്ധപ്പെട്ടു നില്‍ക്കുന്ന കെഎംസിസിയുടെയും സുന്നി സെന്ററിന്റെയും അമരക്കാരനായി വര്‍ഷങ്ങള്‍ നേതൃത്വം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിലെ നേതാവിനെ വ്യത്യസ്തമാക്കുന്നത്.