കണ്‍മറഞ്ഞത് പ്രവാസ സമൂഹവുമായി ഹൃദയൈക്യം സ്ഥാപിച്ച നേതാവ്

ഹാമിദ് കോയമ്മ തങ്ങള്‍ പങ്കെടുത്ത ദുബൈയിലെ ഒരു പൊതുചടങ്ങ് (ഫയല്‍)

ആശയപരമായി വ്യത്യസ്ത സംഘടനകളില്‍ നില്‍ക്കുന്നവരെ ഐക്യപ്പെടുത്തി അവരുമായി ഒരുപോലെ ഹൃദയ ബന്ധം സുക്ഷിച്ച പ്രിയങ്കരനായ നേതാവിനെയാണ് ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യുഎഇയിലെ പൊതുമണ്ഡങ്ങളിലുള്ളവര്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങള്‍ യുഎഇ സുന്നി കൗണ്‍സില്‍ മുഖ്യ രക്ഷാധികാരിയും ദുബൈ കെഎംസിസി ഉപദേശക സമിതിയംഗവും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) ട്രഷററുമായിരുന്നു.
ഗള്‍ഫില്‍ സുന്നി ആശയങ്ങള്‍ക്കും പരിപാടികള്‍ക്കും നായകത്വം വഹിച്ച ഹാമിദ് കോയമ്മ തങ്ങള്‍, മൂന്നു പതിറ്റാണ്ടിലേറെ കാലം ദുബൈ ദേരയിലെ സറൂനി മസ്ജിദില്‍ മുദര്‍റിസായി സേവനമനുഷ്ഠിച്ചിരുന്നു. നേരത്തെ ദുബൈ ഡിഫന്‍സില്‍ ജീവനക്കാരനായിരുന്നു.
നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയായിരുന്നു അദ്ദേഹം.
ഗള്‍ഫിലെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനും സംഘടനാ ഭേദമെന്യേ സ്വീകാര്യനുമായ ഹാമിദ് കോയമ്മ തങ്ങള്‍, സുന്നി സെന്ററിന് കീഴിലുള്ള ഗള്‍ഫിലെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും പൊതുചടങ്ങുകളിലും മത-സാമൂഹിക രംഗങ്ങളിലെ പരിപാടികളിലും നിറഞ്ഞു നില്‍ക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
രാമന്തളി സര്‍ക്കാര്‍ മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. കമ്പില്‍ മാപ്പിള ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എംഎസ്എഫ് യുണിറ്റ് പ്രസിഡണ്ടായാണ് പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തളിപ്പറമ്പ സര്‍ സയ്യിദ് കോളജിലും എംഎസ്എഫ് പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ സജീവമായിരുന്നു. മത രംഗത്തെന്ന പോലെ, മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലും സജീവമായി നിന്നായിരുന്നു അദ്ദേഹം തന്റെ കര്‍മ രംഗം മികവുറ്റതാക്കി മാറ്റിയത്. അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സമുന്നത നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പ്രവാസ ലോകത്തെ ഏറ്റവും ജനപ്രിയരായ നേതാക്കളിലൊരാളായ അദ്ദേഹത്തിന് എല്ലാ മേഖലകളിലും നിരവധി സുഹൃത്തുക്കളും അനുയായികളുമുണ്ട്.