സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍: നഷ്ടമായത് സമുജ്വലനായ നേതാവിനെ

5

ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും ദുബൈ കെഎംസിസി ഉപദേശക സമിതിയംഗവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത് സമുജ്വലനായ നേതാവിനെയാണ്. സംഘടനാപരമായ നഷ്ടത്തിന് പുറമെ, എനിക്ക് വ്യക്തിപരമായ വലിയ നഷ്ടം കൂടിയാണ് ഈ വിയോഗം.
യുഎഇയിലെ മത-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ തങ്ങള്‍ എന്നും ഞങ്ങള്‍ക്കൊക്കെ ആവേശമായിരുന്നു. എന്ത് പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ പക്വമാര്‍ന്ന തീരുമാനങ്ങളും ഉപദേശങ്ങളും ഒരു വഴികാട്ടിയുടെ മികവോടെയുള്ളതായിരുന്നു.
ഗള്‍ഫിലെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനും മത-സാമൂഹിക രംഗങ്ങളിലെ പരിപാടികളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വവുമായിരുന്നു. കണ്ണൂര്‍ കമ്പില്‍ മാപ്പിള ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എംഎസ്എഫ് യുണിറ്റ് പ്രസിഡണ്ടായി പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ഹാമിദ് കോയമ്മ തങ്ങള്‍, തളിപ്പറമ്പ സര്‍ സയ്യിദ് കോളജിലും എംഎസ്എഫ് പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. മത രംഗത്തെന്ന പോലെ, മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലും സജീവമായി നിന്നായിരുന്നു അദ്ദേഹം തന്റെ കര്‍മ രംഗം മികവുറ്റതാക്കിയത്. പാണക്കാട് കുടുംബവുമായും സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സമുന്നത നേതാക്കളുമായും വളരെയടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, ദീര്‍ഘ കാലം ദുബൈ കെഎംസിസി റമദാനില്‍ ശേഖരിക്കുന്ന ഫിത്വര്‍ സകാത്തിന്റെ വക്കീലായും പ്രവര്‍ത്തിച്ചു. കര്‍മ രംഗത്ത് തേജസ്സോടെ നില കൊണ്ട അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. നാഥന്‍ അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ, ആമീന്‍.
-ഇബ്രാഹിം എളേറ്റില്‍
(പ്രസിഡന്റ്, ദുബൈ കെഎംസിസി)