ലുലു എക്‌സ്‌ചേഞ്ച് 82ാം ബ്രാഞ്ച് അല്‍ ഐനില്‍

ലുലു എക്‌സ്‌ചേഞ്ച് 82ാം ബ്രാഞ്ച് ഉദ്ഘാടന ചടങ്ങില്‍ നിന്നും

അബുദാബി: 2021ല്‍ പുതിയ ശാഖകള്‍ തുറക്കുന്നതിന്റെ തുടര്‍ച്ചയിലുള്ള യുഎഇയിലെ പ്രമുഖ പേയ്‌മെന്റ് ദാതാക്കളായ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്, അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള റെമിറ്റന്‍സും കറന്‍സി എക്‌സ്‌ചേഞ്ച് സേവനങ്ങളും വാഗ്ദാനം ചെയ്ത് മുന്നേറുന്നു. അല്‍ ഐനില്‍ ആറാമത്തെ ബ്രാഞ്ചും രാജ്യത്തെ 82ാം ബ്രാഞ്ചും കഴിഞ്ഞ ദിവസം തുറന്നു. അല്‍ ഖൈറില്‍ പുതുതായി തുറന്ന ലുലു ഹൈപര്‍ മാര്‍ക്കറ്റിലാണ് ലുലു എക്‌സ്‌ചേഞ്ച് ശാഖ പ്രവര്‍ത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ 233ാമത്തെ ആഗോള ബ്രാഞ്ച് കൂടിയാണിത്. ഈ വര്‍ഷം ഇതു വരെയുള്ള കാലയളവിനിടെ തുറന്ന എട്ടാം ബ്രാഞ്ചായിരുന്നു ഇതെന്നും ഇക്കാര്യത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച ടീമിനെ അഭിനന്ദിക്കുകയാണെന്നും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിച്ച ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. കമ്പനിയുടെ എക്കാലത്തെയും വികസിച്ചു കൊണ്ടിരിക്കുന്ന ഭൗതിക ശൃംഖലയും ലോകോത്തര ഡിജിറ്റല്‍ ഓഫറുകളും തമ്മില്‍ സമന്വയം സൃഷ്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ നെറ്റ്‌വര്‍ക്കിനെ ഉപയോക്തൃ ഇടപഴകല്‍ കേന്ദ്രങ്ങളായി വിഭാവനം ചെയ്യുന്നതിലൂടെ മികച്ച ഡിജിറ്റല്‍ നവീകരണത്തിന്റെ പിന്തുണയുള്ള ഒരു ആധുനിക, ലോകോത്തര പേയ്‌മെന്റ് അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009ല്‍ സ്ഥാപിതമായ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിനെ യുഎഇയിലെ മികച്ച എക്‌സ്‌ചേഞ്ച് ഹൗസുകളിലൊന്നായി ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പണമടയ്ക്കല്‍, വിദേശ കറന്‍സി വിനിമയം, ഡബ്‌ള്യുപിഎസ്, ബാങ്ക് നോട്ടുകള്‍, മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ പോലുള്ള ഓഫറുകള്‍ കമ്പനി നിലവില്‍ നല്‍കി വരുന്നു. എച്ച്എന്‍ഐക്കും കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്കുമായി വ്യക്തിഗത സേവനമായ ലുലു പ്രീമിയറും കമ്പനി അടുത്തിടെ തുടങ്ങിയിട്ടുണ്ട്.
ലുലു എക്‌സ്‌ചേഞ്ചിന് ആഗോള പേയ്‌മെന്റ് നെറ്റ്‌വര്‍ക്കുകളുമായി തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഒപ്പം, യുഎഇയില്‍ നിന്നും നേരിട്ടുള്ള ഓണ്‍ലൈന്‍ പണമടയ്ക്കല്‍ ക്രമീകരണങ്ങളുമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു.
കമ്പനിയുടെ മൊബൈല്‍ ആപ്‌ളിക്കേഷനായ ലുലു മണി രാജ്യത്ത് ഏറ്റവുമധികം റേറ്റ് ചെയ്ത പേയ്‌മെന്റ് ആപ്പുകളില്‍ ഒന്നാണ്. ഇത് മാസം തോറും ഇരട്ട അക്ക വളര്‍ച്ച നേടുന്നു.
ലോകത്തെ 11 രാജ്യങ്ങളിലായി 233 ബ്രാഞ്ചുകളുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് കമ്പനിയായ ലുലു എക്‌സ്‌ചേഞ്ച്. അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ ഏറ്റവും മികച്ച നിരക്കില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഗ്രൂപ്പിന് ഖ്യാതിയുണ്ട്.