റമദാന്‍ പദ്ധതികളുമായി ലുലു ഗ്രൂപ്

23
അബുദാബി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. വഖാര്‍ അഹമ്മദ്, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂസുഫ് അല്‍ ഫാഹിം, ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, ലുലു കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ എന്നിവര്‍ റമദാന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നു

അബുദാബി: റമദാന്‍ മാസത്തില്‍ വിവിധ ക്ഷേമപ ദ്ധതികളുമായി ലുലു ഗ്രൂപ്. പഠനത്തില്‍ മികവ് തെളിയിച്ച നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവും അവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന റമദാന്‍ കിറ്റ് പദ്ധതിയുമാണ് ലുലു നടപ്പാക്കുന്നത്.
അബുദാബി യൂണിവേഴ്‌സിറ്റിയുമായും എമിറേറ്റ്‌സ് റെഡ് ക്രസന്റുമായും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അബുദാബി യൂണിവേഴ്‌സിറ്റിയുടെ ‘ഇഖ്‌റാ’ പദ്ധതിയിലൂടെയാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ചേര്‍ന്ന് പഠനത്തില്‍ മികവ് തെളിയിച്ച 300 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്‍കുന്നത്. ലുലുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇഖ്‌റാ പദ്ധതിയിലേക്ക് രണ്ട് ദിര്‍ഹം സംഭാവനയായി നല്‍കാം. ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കും.
അബുദാബി ഖാലിദിയ മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ അബുദാബി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പ്രൊഫ. വഖാര്‍ അഹമ്മദ്, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മ യൂസുഫ് അല്‍ ഫാഹിം, ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
രാഷ്ട്ര വികസനത്തില്‍ സാമൂഹിക പങ്കാളിത്തമെന്ന യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ആശയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് അബുദാബി യൂണിവേഴ്‌സിറ്റി പിന്തുടരുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അലി സായിദ് ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി പറഞ്ഞു. ഇതിലൂടെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം ലഭ്യമാക്കാന്‍ കഴിയുമെന്നും ലുലു ഗ്രൂപ്, എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവര്‍ക്ക് പ്രസ്തുത പദ്ധതി പങ്കാളിത്തതിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റമദാനില്‍ അബുദാബി യൂണിവേഴ്‌സിറ്റി, എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവയുമായി ചേര്‍ന്ന് ഇത്തരമൊരു പുണ്യ പ്രവൃത്തിക്ക് തുടക്കം കുറിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാല പറഞ്ഞു.
സാമൂഹിക പങ്കാളിത്തത്തിലൂടെ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇത്തരം പദ്ധതിയിലൂടെ കണ്ടെത്തുന്നതെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹി അഭിപ്രായപ്പെട്ടു.

റമദാന്‍ കിറ്റ് ഒരുക്കി ലുലു
റമദാന്‍ മാസത്തില്‍ അവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തൊടെയാണ് ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ റമദാന്‍ കിറ്റ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. അവശ്യ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 85 ദിര്‍ഹമിന്റെയും 125 ദിര്‍ഹമിന്റെയും കിറ്റുകളാണ് ലുലു പുറത്തിറക്കിയിട്ടുള്ളത്. അരി, പാല്‍പ്പൊടി, എണ്ണ എന്നിവയടങ്ങിയ ഉത്പന്നങ്ങളെല്ലാം വിപണി വിലയിലും കുറച്ചാണ് കിറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത്. യുഎഇയിലെ വിവിധ ലുലു ഹൈപ്പര്‍ സൂപര്‍ മാര്‍ക്കറ്റുകളില്‍ നിന്നും നേരിട്ടോ ഓണ്‍ലൈനായോ കിറ്റ് വാങ്ങാം.
റമദാന്‍ മാസത്തില്‍ ഗാര്‍ഹിക ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ് റഫ് അലി പറഞ്ഞു. റമദാനിലെ ഇളവുകള്‍ ലഭ്യമാക്കാന്‍ 40 ദശലക്ഷം ദിര്‍ഹമാണ് ലുലു വകയിരുത്തിയിട്ടുള്ളത്. 30,000ത്തിലേറെ ഉല്‍പന്നങ്ങള്‍ ഇതിലുള്‍പ്പെടുമെന്ന് അഷ്‌റഫ് അലി കൂട്ടിച്ചേര്‍ത്തു.