സിലികണ്‍ ഒയാസിസ് ഫ്രീസോണില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

സിലികണ്‍ ഒയാസിസിലെ സിലികണ്‍ സെന്‍ട്രല്‍ മാളില്‍ ലുലു ഗ്രൂപ്പിന്റെ 209ാമത് ഹൈപര്‍ മാര്‍ക്കറ്റ് ദുബൈ സിലികണ്‍ ഒയാസിസ് അഥോറിറ്റി ഡെപ്യൂട്ടി സിഇഒ ഡോ. ജുമാ അല്‍മത്‌റൂഷി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് എക്‌സി.ഡയറക്ടര്‍ എം.എ അഷ്‌റഫലി, ഗ്രൂപ് സിഇഒ സൈഫി രൂപാവാല, ഡയറക്ടര്‍ എം.എ സലീം, ജെയിംസ് വര്‍ഗീസ്, റീജ്യണല്‍ ഡയറക്ടര്‍ കെ.പി തമ്പാന്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: ദുബൈ സിലികണ്‍ ഒയാസിസ് ഫ്രീസോണില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സിലികണ്‍ ഒയാസിസിലെ സിലികണ്‍ സെന്‍ട്രല്‍ മാളിലാണ് ഗ്രൂപ്പിന്റെ 209ാമത് ഹൈപര്‍ മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്.
ദുബൈ സിലികണ്‍ ഒയാസിസ് അഥോറിറ്റി ഡെപ്യൂട്ടി സിഇഒ ഡോ. ജുമാ അല്‍മത്‌റൂഷി ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് ലെവലുകളിലായി 184,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് നദ്ദ് അല്‍ ഷീബ, അല്‍ബറാറി, അറേബ്യന്‍ റാഞ്ചസ്, വര്‍ഖ എന്നിവിടങ്ങളിലുള്ള താമസക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലുപ്പമേറിയ ഹൈപര്‍ മാര്‍ക്കറ്റുകളിലൊന്നാണ് സിലികണ്‍ ഒയാസിസ് ലുലു ഹൈപര്‍ മാര്‍ക്കറ്റ്. വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഹൈപര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ദുബൈ സിലികണ്‍ ഒയാസിസിസിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഏറെ പുതുമയുള്ളതും നവീനവുമായ ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കുകയെന്ന് ഡോ. ജുമാ അല്‍ മത്‌റൂഷി പറഞ്ഞു. 2040 ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്‌ളാന്‍ അനുസരിച്ച് വൈവിധ്യമാര്‍ന്ന ജീവിത സൗകര്യങ്ങളും പുതിയ നിക്ഷേപ സാധ്യതകളും സ്വദേശികള്‍ക്കും വിവിധ രാജ്യങ്ങളിലെ താമസക്കാര്‍ക്കും ഒരുക്കുന്നതിലാണ് സിലികണ്‍ ഒയാസിസ് അഥോറിറ്റി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിലികണ്‍ ഒയാസിസ് സമൂഹത്തിലേക്ക് ലുലുവിനെ സ്വാഗതം ചെയ്യുന്നതായും അല്‍മത്‌റൂഷി കൂട്ടിച്ചേര്‍ത്തു.
ലുലു ഗ്രൂപ്പിന്റെ ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ളതുമായ ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗ്രൂപ് എക്‌സി.ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്നതും ഗുണനിലവാരമുള്ളതുമായ ഉല്‍പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഭരിച്ച് ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ-കൊമോഴ്‌സ് വിപണി കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ദുബൈ അല്‍ഖൂസിലുള്ള പ്രത്യേക കേന്ദ്രവും ഇതിനോടൊപ്പം പ്രവര്‍ത്തനമാരംഭിച്ചു. 60,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് ലോജിസ്റ്റിക്‌സ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, പാലുല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍ തുടങ്ങി ആവശ്യമുള്ള ഏത് സാധനങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇത് ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ വീട്ടുമുറ്റത്തെത്തിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനങ്ങളുടെ നീണ്ട നിര തന്നെ ലുലു ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാല, ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം, ജെയിംസ് വര്‍ഗീസ്, റീജ്യണല്‍ ഡയറക്ടര്‍ കെ.പി തമ്പാന്‍ എന്നിവരും സംബന്ധിച്ചു.

ഉദ്ഘാടന ശേഷം അതിഥികള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ചുറ്റിക്കാണുന്നു