വാഹനാപകടത്തില്‍ മരിച്ച ചേറ്റുവ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

മൂസ

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ കുറുപ്പത്ത് ചിന്നക്കല്‍ മൂസ(58)യുടെ മയ്യിത്ത് ചേറ്റുവ ജുമാഅത്ത് പള്ളി ഖബര്‍സ്താനില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം റാസല്‍ഖൈമ ഖുസാമില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് സഖര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
റാക്-തൃശ്ശൂര്‍ ജില്ലാ കെഎംസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗവും ഏങ്ങണ്ടിയൂര്‍ ഗ്‌ളോബല്‍ കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ജീവകാരുണ്യ രംഗത്ത് എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മൂസയുടെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി. വേര്‍പാടില്‍ ഏങ്ങണ്ടിയൂര്‍ ഗ്‌ളോബല്‍ കെഎംസിസി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് മയ്യിത്ത് നാട്ടിലെത്തിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റാസല്‍ഖൈമ കെഎംസിസി നേതാക്കള്‍ നേതൃത്വം നല്‍കി.
ഏങ്ങണ്ടിയൂര്‍ പണിക്ക വീട്ടില്‍ കുറുപ്പത്ത് ചിന്നക്കല്‍ പരേതരായ അബ്ദുല്‍ ഖാദര്‍-ആമിനക്കുട്ടി ദമ്പതികളുടെ മകനാണ് മൂസ. ഭാര്യ: സുലൈഖ. മക്കള്‍: സംറൂത്, സുല്‍ത്താന. മരുമകന്‍: ഫായിസ്. സഹോദരങ്ങള്‍: പരേതനായ സെലി, ഫൈസല്‍, സുലൈഖ ആബിദീന്‍, സാജിത ഷംസുദ്ദീന്‍, സഫിയ നിസാര്‍, ശരീഫ സാദിഖ് അലി.