ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

8

നേപ്പാള്‍ വഴി പോകാന്‍ സൗകര്യം

ദുബൈ: ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ 10 ദിവസത്തേക്കാണ് വിലക്ക് കൊണ്ടു വന്നിരിക്കുന്നത്. എന്നാല്‍, 10 ദിവസം കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മാത്രം ഇത് ഒഴിവാക്കുകയോ, അല്ലെങ്കില്‍ നീട്ടുകയോ ചെയ്യുന്നതായിരിക്കും.
സഊദി, കുവൈത്ത്, ഒമാന്‍ എന്നിവക്ക് ശേഷം ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ് എന്നീ വിമാന കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ യുഎഇ ട്രാന്‍സിറ്റ് നടത്തുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിര്‍ദേശം അധികൃതര്‍ വിമാന കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ ഇതിന് സൗകര്യമൊരുക്കും. എമിഗ്രേഷന്‍ ക്‌ളിയിയറന്‍സുള്ളവര്‍ക്ക് എന്‍ഒസി ആവശ്യമില്ലെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.