എം.എ യൂസഫലിയുടെ ആരോഗ്യ സ്ഥിതി: ഔദ്യോഗിക പ്രസ്താവന

9

ദുബൈ: ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ പ്രൊഫസര്‍ ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ മെഡിക്കല്‍ സംഘം എം.എ യൂസഫലിക്ക് ചികിത്സയുടെ ഭാഗമായി അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ നട്ടെല്ലിന് ഏപ്രില്‍ 13ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു.
യൂസഫലിയുടെ മരുമകനും അബുദാബി ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംഷീര്‍ വയലിലാണ് ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബുദാബിയിലേക്ക് എത്തിച്ച് തുടര്‍ ചികിത്സ ഏകോപിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി എം.എ യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.