റമദാനും ഖുര്‍ആനും

45

യുഎഇ 100 മില്യണ്‍ ഭക്ഷണപ്പൊതി പദ്ധതി: പങ്കാളികളാവുക, സഹകരിക്കുക

പൂര്‍വിക സമുദായങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിനും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപനം (സൂറത്തുല്‍ ബഖറ 183). പ്രസ്തുത വ്രത വിശുദ്ധിയുടെ മാസമെന്ന പോലെ പരിശുദ്ധ ഖുര്‍ആനിന്റെ മാസം കൂടിയാണ് റമദാന്‍. അല്ലാഹു പറയുന്നു: ”മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍’ (സൂറത്തുല്‍ ബഖറ 185).
റമദാന്‍ രാവുകളില്‍ മാലാഖ ജിബ്‌രീല്‍ (അ) നബി(സ്വ)യുടെ അടുക്കല്‍ വന്ന് ഖുര്‍ആന്‍ ഓതിക്കൊടുക്കുമായിരുന്നു (ഹദീസ് അഹ്മദ് 3539). റമദാനിലെ ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക മഹിമയും പ്രതിഫലവുമുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവം. അതുകൊണ്ടു തന്നെ, സ്വഹാബികളും താബിഉകളും പണ്ഡിത സൂരികളും റമദാനിനെ വരവേറ്റതും സജീവമാക്കിയതും ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടാണ്. പ്രത്യേക പരിഗണനയോടെ തന്നെ അവര്‍ ഖുര്‍ആന്‍ അര്‍ത്ഥം മനസ്സിലാക്കി ഓതുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഖുര്‍ആന്‍ നിര്‍ദേശിച്ച സത്യസന്ധത, വിശ്വാസ്യത, ലജ്ജ, കാരുണ്യം, മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യല്‍, ബന്ധങ്ങള്‍ ചേര്‍ക്കല്‍, സഹിഷ്ണുത, സ്‌നേഹം, സഹകരണം മുതലായ സ്വഭാവ ഗുണങ്ങള്‍ പകര്‍ത്താനും ഖുര്‍ആന്‍ മാസത്തെ അവസരമാക്കിയിരുന്നു. ഖുര്‍ആനിലെ സ്വഭാവ വിശേഷണങ്ങളുണ്ടാവുകയെന്നത് പ്രവാചക സരണിയാണ്. ഒരിക്കല്‍ സഅ്ദ് ബ്‌നു ഹിഷാം (റ) പ്രവാചക പത്‌നി ആയിഷാ ബീവി (റ)യോട് നബി(സ്വ)യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചു. മഹതി പറഞ്ഞു: താങ്കള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു: അതെ. മഹതി തുടര്‍ന്നു -നബി(സ്വ)യുടെ സ്വഭാവം ഖുര്‍ആന്‍ തന്നെയാണ് (ഹദീസ് മുസ്‌ലിം 746).
ഖുര്‍ആന്‍ ഓതുകയും ഖുര്‍ആനില്‍ പറയപ്പെട്ട സല്‍ഗുണങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്തവര്‍ അല്ലാഹുവിന്റെ സ്വന്തക്കാരായാണ് അറിയപ്പെടുന്നത്. സൃഷ്ടികളില്‍ നിന്ന് അല്ലാഹുവിന് ബന്ധുക്കളുണ്ടെന്ന് പറഞ്ഞ നബി(സ്വ)യോട് അനുചരന്മാര്‍ ചോദിച്ചു: ആരാണ്? അവര്‍ നബി (സ്വ) മറുപടി നല്‍കി: ഖുര്‍ആനിന്റെ ആള്‍ക്കാര്‍ അല്ലാഹുവിന്റെ ആള്‍ക്കാരാണ്, അവന്റെ സ്വന്തക്കാരാണവര്‍ (ഹദീസ് നസാഈ 7977, ഇബ്‌നു മാജ 215, അഹ്മദ് 12292). റമദാനിലെ രാവും പകലുമെല്ലാം നമ്മുടെ വീടകങ്ങള്‍ ഖുര്‍ആന്‍ ഒലികളാല്‍ മുഖരിതമാവണം. ഖുര്‍ആന്‍ ഓതുന്നിടങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളുമുണ്ടാകും. ശാന്തി പടരും. സ്വസ്ഥത പകരും. സൃഷ്ടികളുടെ പാരായണത്തില്‍ സ്രഷ്ടാവ് ഏറെ സന്തോഷിക്കുകയും ചെയ്യും.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍, നമസ്‌കാരങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നവര്‍, ധനം ധര്‍മ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ എന്നിവര്‍ തീര്‍ത്തും ലാഭകരമായ കച്ചവടത്തിലേര്‍പ്പെട്ടവരെന്നാണ് അല്ലാഹു പുകഴ്ത്തുന്നത്. അവര്‍ക്ക് വമ്പന്‍ പ്രതിഫലങ്ങളുണ്ടെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട് (സൂറത്തുല്‍ ഫാത്വിര്‍ 29, 30). സുഹ്‌രി (റ) പറയുന്നു: റമദാന്‍ മാസം ഖുര്‍ആന്‍ പാരായണത്തിന്റെയും ഭക്ഷണ ദാനത്തിന്റെയും മാസമാണ്.
ഈ റമദാന്‍ വേളയില്‍ യുഎഇ രാജ്യം 100 മില്യണ്‍ ഭക്ഷണപ്പൊതി പദ്ധതിയിലൂടെ ലോകത്തെ അവശര്‍ക്കും അശരണര്‍ക്കും ഭക്ഷണമെത്തിക്കുകയാണ്. യുഎഇ റെഡ് ക്രെസന്റും ഭക്ഷണ ദാനത്തിനായി രംഗത്തുണ്ട്. എല്ലാവരും ഈ നന്മയില്‍ പങ്കാളികളാവുക, സഹകരിക്കുക.
—————