റമദാന്‍: സ്വര്‍ഗത്തിലേക്കുള്ള സുവര്‍ണാവസരം

സ്വര്‍ഗം അല്ലാഹു ദൈവഭക്തിയുള്ള സത്യവിശ്വാസികള്‍ക്ക് ഒരുക്കിയ അഭയ കേന്ദ്രമാണ്. വിജയാശ്രീലാളിതരായ അവരെ മാലാഖമാര്‍ സുസ്വാഗതത്തോടെ ആനയിക്കുമെന്നാണ് ഖുര്‍ആനിക സുവിശേഷം (സൂറത്തുസ്സുമര്‍ 73).
സ്വര്‍ഗ പ്രവേശം സുസാധ്യമാക്കുന്ന ആരാധനയാണ് വ്രതം. വ്രത കാലമായ റമദാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്‌ലിം). സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്ന വമ്പിച്ച അവസരം കൂടിയാണ് റമദാന്‍. ആരാധനകളുടെയും അനുഷ്ഠാനങ്ങളുടെയും ആനുകൂല്യങ്ങള്‍ പരമാവധി നല്‍കപ്പെടുന്ന പുണ്യങ്ങളുടെ മേള, അതാണ് റമദാന്‍.
വ്രതാനുഷ്ഠാനികള്‍ക്ക് സ്വര്‍ഗലബ്ധി ദൈവ വാഗ്ദാനമാണ്. അവര്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ സ്വര്‍ഗ കവാടമാണ് റയ്യാന്‍. നബി (സ്വ) പറയുന്നു: നോമ്പുകാര്‍ റയ്യാന്‍ കവാടത്തിലൂടെയാണ് സ്വര്‍ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുക (ഹദീസ് ബുഖാരി, മുസ്‌ലിം). നോമ്പനുഷ്ഠിക്കുന്നവര്‍ക്കായുള്ള സവിശേഷ സ്വര്‍ഗ വാതിലായ റയ്യാനിലൂടെ മറ്റാര്‍ക്കും പ്രവേശനമില്ല. നോമ്പുകാര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് അടക്കപ്പെടുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്‌ലിം).
വ്രതം ഏറെ സവിശേഷമായ ആരാധനയാണ്. പാപങ്ങളെ കരിച്ചു കളയുന്നതെന്ന സവിശേഷതയും അതിനുണ്ട്. വിശ്വാസത്തോടെയും ദൈവങ്കലില്‍ നിന്നുള്ള പ്രതിഫലേഛയോടെയും ഒരാള്‍ റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അയാളുടെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്‌ലിം). റമദാനിലെ പകല്‍ വ്രതത്താല്‍ ധന്യമെങ്കില്‍ രാവ് നമസ്‌കാരങ്ങളാലും പശ്ചാത്താപ തേട്ടങ്ങളാലും മറ്റു പ്രാര്‍ത്ഥനകളാലും ആരാധനാ നിമഗ്‌നമാക്കാം. വിശ്വാസത്തോടെയും ദൈവങ്കലില്‍ നിന്നുള്ള പ്രതിഫലേഛയോടെയും ഒരാള്‍ റമദാനിലെ രാത്രി ആരാധനാ സമ്പന്നമാക്കിയാല്‍ അയാളുടെ മുന്‍കാല ദോഷങ്ങള്‍ക്ക് മാപ്പ് നല്‍കപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്‌ലിം). പാപമോചിതനായ വ്രതാനുഷ്ഠാനി അനായാസം സ്വര്‍ഗസ്ഥനാവുകയും ചെയ്യും.
സ്വര്‍ഗം സത്യവിശ്വാസികള്‍ക്കുള്ള വിജയ സൗഭാഗ്യ കൂടാരമാണ്. അല്ലാഹു പറയുന്നു: സൗഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും. ഭുവന വാനങ്ങളുള്ളിടത്തോളം കാലം അവരതില്‍ സ്ഥിര താമസക്കാരായിരിക്കും; താങ്കളുടെ നാഥന്‍ വിചാരിച്ചതൊഴികെ. അവിഛേദ്യമായ സമ്മാനമാണത് (സൂറത്തു ഹൂദ് 108).
പോരായ്മകളും വല്ലായ്മകളുമില്ലാത്ത ഇടമാണ് സ്വര്‍ഗം. അതിലേക്കുള്ള വഴി എളുപ്പമാക്കുന്നതാണ് വ്രതാനുഷ്ഠാനം. ഈ റമദാനിനെ നമുക്ക് ആരാധനാ പൂര്‍ണമാക്കി സ്വര്‍ഗ വഴി തേടാം. നിര്‍ബന്ധ നമസ്‌കാരങ്ങളും തറാവീഹ് അടക്കമുള്ള ഐഛിക നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവുമെല്ലാം നിത്യമാക്കി വ്രത കാല രാപകലുകളെ സുകൃത ഭരിതമാക്കാം. നോമ്പുതുറയിലും അത്താഴത്തിലും മുത്താഴത്തിലും മക്കളടക്കമുള്ള കുടുംബാംഗങ്ങളോടൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. റമദാനിന്റെ ആത്മീയാന്തരീക്ഷത്തിലൂടെ സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം. കൂടുംബ ബന്ധം സുദൃഢമാക്കാം. ആവശ്യമക്കാര്‍ക്ക് ഭക്ഷണവും ഉടുപ്പുമെത്തിക്കാം. രോഗികളെ പരിചരിക്കാം. എല്ലായിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചെന്ന് ഉറപ്പു വരുത്തുകയും വേണം.