റെസ്‌പോണ്‍സ് പ്‌ളസ് മെഡിക്കല്‍ സര്‍വീസസിന്റെ (ആര്‍പിഎം) 40% ഓഹരി സ്വന്തമാക്കി ഐഎച്ച്‌സി

ഓഹരി വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം ഐഎച്ച്‌സി സംഘം ഡോ. ഷംഷീര്‍ വയലിലിനൊപ്പം

യുഎഇയിലെ ഏറ്റവും വലിയ ഓണ്‍ സൈറ്റ് ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് കമ്പനിയാണ് ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ആര്‍പിഎം. 5 വര്‍ഷത്തിനുള്ളില്‍ കമ്പനി ലക്ഷ്യമിടുന്നത് ജിസിസി, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ഗണ്യമായ വളര്‍ച്ച

അബുദാബി: അബുദാബിയിലെ പ്രമുഖ കമ്പനികളിലൊന്നായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി) പിജെഎസ്‌സി. ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള റെസ്‌പോണ്‍സ് പ്‌ളസ് മെഡിക്കല്‍ സര്‍വീസസിന്റെ (ആര്‍പിഎം) 40% ഓഹരി വാങ്ങി. ഡോ. ഷംഷീര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിപിഎസ് ഹെല്‍ത് കെയറിന് കീഴിലുള്ള ആര്‍പിഎം യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് കമ്പനിയാണ്. അനുബന്ധ സ്ഥാപനങ്ങളിലൊന്നിലൂടെയാണ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി ആര്‍പിഎമ്മിന്റെ ഓഹരി വാങ്ങുന്നത് പൂര്‍ത്തിയാക്കിയത്.
2010ല്‍ സ്ഥാപിതമായ ആര്‍പിഎം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് ദാതാവായി മാറിയതാണ് കമ്പനിയിലേക്ക് പ്രമുഖ നിക്ഷേപകരെ ആകര്‍ഷിച്ചത്. വിദൂര വര്‍ക് സൈറ്റുകളില്‍ നിന്നുള്ള മെഡിക്കല്‍ എമര്‍ജന്‍സി ട്രാന്‍സ്ഫറുകള്‍; എണ്ണ, വാതക മേഖല, രാസ വ്യവസായങ്ങള്‍, നിര്‍മാണ സൈറ്റുകള്‍, സൈറ്റ് ക്‌ളിനിക്കുകള്‍, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവക്ക് നിലവില്‍ ആര്‍പിഎം വൈദ്യ സഹായം നല്‍കുന്നുണ്ട്. 2019ല്‍ ആര്‍പിഎം സഊദി അറേബ്യയിലും ഒമാനിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിസിസി, ആഫ്രിക്ക (ഘാന, നൈജീരിയ), ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള കൂടുതല്‍ തന്ത്രപരമായ പദ്ധതികള്‍ക്ക് രൂപം നല്‍കി വരികയാണ് കമ്പനി. നിലവില്‍ 200ലധികം സൈറ്റ് ക്‌ളിനിക്കുകളുള്ള ആര്‍പിഎം നിരവധി കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സര്‍വീസുകളും ലഭ്യമാക്കുന്നു.
ആരോഗ്യ സംരക്ഷണ മേഖലയെ പരിവര്‍ത്തനം ചെയ്യാനുള്ള ഐഎച്ച്‌സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍പിഎമ്മിന്റെ ഓഹരികള്‍ ഏറ്റെടുത്തതെന്ന് ഐഎച്ച്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് ബസര്‍ ഷുഹെബ് പറഞ്ഞു. ആര്‍പിഎമ്മിന്റെ 200 ഓണ്‍സൈറ്റ് ക്‌ളിനിക്കുകളില്‍ 2020ല്‍ ഇരുപത് ലക്ഷം പേരാണ് സേവനങ്ങള്‍ ലഭ്യമാക്കാനെത്തിയത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആര്‍പിഎം സേവനങ്ങള്‍ ജിസിസിയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദശകത്തിലേറെയായുള്ള പ്രവര്‍ത്തനത്തിലൂടെ ആര്‍പിഎമ്മിന് ഏറ്റവും വിശ്വസനീയ ബ്രാന്‍ഡായി മാറാന്‍ കഴിഞ്ഞതായി വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെമ്പാടും ഓണ്‍ സൈറ്റ് ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് പ്രദാനം ചെയ്യാനുള്ള ശേഷി ആര്‍പിഎമ്മിനുണ്ട്. ഐഎച്ച്‌സിയുമായുള്ള പങ്കാളിത്തം ഇരു കമ്പനികള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പുതിയ പദ്ധതികളാണ് ഐഎച്ച്‌സി പ്രഖ്യാപിച്ചിരിക്കുന്നത്.