സൈതലവി കോരത്ത് പ്രവാസത്തോട് വിട പറയുന്നു

സൈതലവി കോരത്ത്

ദുബൈ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ പാലുല്‍പന്ന കമ്പനിയായ ദുബൈ അല്‍ റവാബി കമ്പനിയില്‍ പതിനേഴ് വര്‍ഷം ജീവനക്കാരനായി സേവനമനുഷ്ഠിച്ച സൈതലവി കോരത്ത് പ്രവാസത്തോട് വിട പറയുന്നു. 2003 മുതല്‍ കമ്പനിയില്‍ സേവനം തുടങ്ങിയ അദ്ദേഹം പ്രൊമോ പായ്ക്ക് ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് വിരമിക്കുന്നത്. ഇടുക്കി ജില്ലാ കെഎംസിസി ജന.സെക്രട്ടറിയായ സൈതലവി ദുബൈ കെഎംസിസിയുടെ ജീവകാരുണ്യ-വളണ്ടിയര്‍ സേവന രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികളായ വിവിധ ജില്ലക്കാരെ ഒരുമിച്ചു കൂട്ടി അല്‍റവാബി കെഎംസിസിക്ക് 2009ല്‍ രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു. കമ്പനി ജീവനക്കാരുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇദ്ദേഹത്തിന്റെ ശ്രമ ഫലമായി കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരിയാണ് സൈതലവിയുടെ പഴയ കാല സ്വദേശം. ഇപ്പോള്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ വണ്ണപ്പുറത്താണ് താമസം. ഭാര്യ: സുഹ്‌റ. മക്കള്‍: സമീറ, സാഫിറ, ആയിഷ, സുനീറ.