യുഎഇ ഇന്‍കാസ് അനുശോചിച്ചു.
‘നഷ്ടമായത് കോവിഡ് 19 കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ ‘വിശക്കുന്നവര്‍ക്ക് ഭക്ഷണം’ പദ്ധതി വിജയിപ്പിച്ച മനുഷ്യ സ്നേഹി’
ദുബൈ: പ്രവാസ മേഖലയിലെ സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കായംകുളം എന്‍ആര്‍ഐ യുഎഇ ചാപ്റ്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ മര്‍ഫി പ്രതാപ് കായംകുളം അന്തരിച്ചു. കോവിഡ് 19 ബാധിച്ച് രണ്ടു മാസമായി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കായംകുളം ചിറക്കടവത്ത് ചാന്നാംപറമ്പില് പരേതനായ സി.കെ സുശീലന്റെയും ജി.വിജയ ലക്ഷ്മിയുടെയും മകനായ മര്‍ഫിയുടെ ഭാര്യ മുതുകുളം കളത്തില്‍ വീട്ടില്‍ പ്രീതയാണ്. ഏക മകള്‍ അഞ്ജനാ പ്രതാപ് (സ്വീഡന്). മരുമകന്: സൗരവ് (സ്വീഡന്). സഹോദരങ്ങള്‍: പ്രദീപ്, പ്രവീണ്‍.
യുഎഇയില്‍ കോവിഡ് 19 കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ ഇന്‍കാസ് യുഎഇ കമ്മിറ്റി നേതൃത്വത്തില്‍ നടപ്പാക്കിയ ‘വിശക്കുന്നവര്‍ക്ക് ഭക്ഷണം’ എന്ന പദ്ധതി വിജയിപ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു മര്‍ഫി. പുഞ്ചിരിയോടെ മാത്രം ആരെയും സമീപിച്ചിരുന്ന മര്‍ഫി, സഹായമാഗ്രഹിക്കുന്നവര്ക്ക് എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്ന മനുഷ്യ സ്നേഹിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതായും ഇന്‍കാസ് യുഎഇ കമ്മിറ്റി പ്രസിഡണ്ട് മഹാദേവന് വാഴശ്ശേരില്‍, ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ആക്ടിംഗ് ട്രഷറര്‍ സുനില്‍ അസീസ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.