സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും പിന്‍ബലമായി നിലകൊണ്ട നേതാവ്: യുഎഇ കെഎംസിസി

ഫുജൈറ: സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണത്തില്‍ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി അനുശോചനമറിയിച്ചു. പ്രവാസി സമൂഹത്തിന് പിന്‍ബലമായി നിലകൊണ്ട നേതാവായിരുന്നു ഹാമിദ് കോയമ്മ തങ്ങള്‍. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും യുഎഇ കെഎംസിസിയുടെ നാഷണല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് അംഗവുമായ തങ്ങള്‍, ഒട്ടേറെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അത്താണിയായിരുന്നു. പുറമേക്ക് ഗൗരവവും അകമേ വശ്യമായ സ്‌നേഹവും സഹൃദയത്വവുമായിരുന്നു തങ്ങളുടെ വ്യക്തിത്വം. പരിശുദ്ധ റമദാന്റെ പുണ്യമേറിയ മുഹൂര്‍ത്തത്തിലാണ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്ത്യശ്വാസം വലിച്ചത്. അനുഗൃഹീതമായ ജീവിതവും മരണവുമാണ് തങ്ങളുടേതെന്നും യുഎഇ കെഎംസിസി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
ദൈവത്തിന്റെ ഇഷ്ട ദാസന്മാരുടെ സ്‌നേഹിതനായാണ് തങ്ങള്‍ ജീവിച്ചത്. സാധാരണക്കാരും ദു:ഖിതരുമായവര്‍ക്ക് അദ്ദേഹം എപ്പോഴും അത്താണിയായി നിലകൊണ്ടു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രത്യേകം താത്പര്യം കാണിച്ചു. ഒരുപാട് പേര്‍ക്ക് തണലും തുണയുമായി വര്‍ത്തിച്ച സയ്യിദും ആലിമുമായിരുന്നു അദ്ദേഹം. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പാരത്രിക ജീവിതം ഐശ്വര്യത്തിലാവാന്‍ പ്രാര്‍ത്ഥിക്കാനും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള മയ്യിത്ത് നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കാനും യുഎഇ കെഎംസിസി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയതായും പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രെട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.