ദുബൈ: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധന മന്ത്രാലയത്തിന്റെ തീരുമാനം വിദേശ മലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്നും ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ എവിടെയും ജോലി എടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, അതില്‍ നിന്നൊരു രഹസ്യ യു ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണ്. ആരുമറിയാതെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ ധനകാര്യ ബില്‍ ചര്‍ച്ചയില്‍ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നതെന്നാണ് അറിയാന്‍ സാധിച്ചെതെന്നും ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ അനീതിയാണെന്നും ഇതിനെ മുഴുവന്‍ എംപിമാരും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്ന് എതിര്‍ക്കണമെന്നും ഇത് പിന്‍വലിപ്പിക്കണമെന്നും ഇന്‍കാസ് ജന.സെക്രട്ടറി പറഞ്ഞു.