
കണ്വെന്ഷന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്യുന്നു

പിണറായിയെപ്പോലെ വാക്ക് മാറ്റിപ്പറയുന്ന മറ്റൊരു മുഖ്യമന്ത്രി മുന്‍പുണ്ടായിട്ടില്ല -ഫൈസല്‍ തുറക്കല്‍
ദുബൈ: പിണറായി വിജയനെ പോലെ ഇത്രക്കധികം പ്രവാസികളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത മറ്റൊരു മുഖ്യമന്ത്രി ഇതിനു മുന്‍പ് കേരളത്തിലുണ്ടായിട്ടില്ലെന്നും ഇടതു ദുര്‍ഭരണത്തിനെതിരെ പ്രവാസി കുടുംബങ്ങള്‍ അവരുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി യുഡിഎഫ് സര്‍ക്കാറിനെ അധികാരത്തിലെത്തിക്കണമെന്നും പാലക്കാട് ജില്ലാ കെഎംസിസി ദുബൈ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ ആവശ്യപ്പെട്ടു. അടിക്കടി വാക്കുകള്‍ മാറ്റിപ്പറഞ്ഞ മുഖ്യമന്ത്രിയാണിപ്പോള്‍ കേരളം ഭരിക്കുന്നതെന്നും, ഒരേ കസേരയിലിരുന്നു കൊണ്ട് ഇങ്ങനെ തരം പോലെ വാക്കുകള്‍ മാറ്റിപ്പറഞ്ഞ ഭരണാധിപന് സാംസ്കാരിക കേരളത്തിനാകമാനം നാണക്കേടാണെന്നും വിവിധ യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കണ്വെന്ഷന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും ”മക്കളേ കേറി വാ” എന്നും പറഞ്ഞ മുഖ്യന്, പ്രവാസികള്‍ എത്തിടങ്ങിയപ്പോള് അസ്വസ്ഥനായി. ഇത്രയധികം ആളുകള്‍ വന്നാല്‍ അവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ പറ്റില്ലെന്നായി പിന്നെ. പിന്നീടുണ്ടായ ഓരോ നീക്കങ്ങളും പ്രവാസികളെയാകെ അവഗണിക്കുന്ന തരത്തിലായിപ്പോയി. ഏറ്റവുമൊടുവിലായി കോവിഡ് 19 ടെസ്റ്റിന് 4,500 രൂപ ഈടാക്കി മുഖ്യമന്ത്രി തന്റെ പ്രവാസി പീഡനം തുടര്‍ന്നു. കേന്ദ്ര സര്‍ക്കാറിന്റെ പീഡന നീക്കങ്ങള്‍ക്ക് പുറമെയായിരുന്നു ഈ ഇരുട്ടടിയും. പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മോദി-പിണറായി സര്‍ക്കാറുകള്‍ മല്‍സരിക്കുകയായിരുന്നു. കുടുംബങ്ങളുമായി നാട്ടിലേക്ക് പോയ പ്രവാസികളെ മുച്ചൂടും ദ്രോഹിച്ച ഈ സര്‍ക്കാര്‍ മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ലോക കേരള സഭ എന്ന സംവിധാനം പണക്കാര്‍ക്ക് വിലസാനുള്ളതാക്കി പിണറായി മാറ്റിയെടുത്തു. കഴിഞ്ഞ വര്‍ഷം കൊറോണ രൂക്ഷമായ സമയത്ത് ആ സഭ വെറും നോക്കുകുത്തിയായിരുന്നു. കെഎംസിസി, ഇന്‍കാസ് അടക്കമുള്ള സംഘടനകളുടെ കര്മഭടന്മാര് സ്വജീവന്‍ തൃണവത്ഗണിച്ച് മനുഷ്യരെ രക്ഷിക്കാന്‍ പാടുപെട്ടപ്പോള്‍ നോര്‍ക്കയെന്ന സര്‍ക്കാര്‍ ഏജന്‍സി ഇവിടെ കയ്യും കെട്ടി നോക്കി ഇരിക്കുകയായിരുന്നു. അന്യ ദേശങ്ങളില്‍ ഉപജീവനത്തിനായി എത്തിയ ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവന് വേണ്ടി പിടഞ്ഞപ്പോള്‍ അവരെ ചേര്‍ത്തു പിടിച്ചത് ഈ സംഘടനകളാണ്. ആ ബോധം പ്രവാസി സമൂഹത്തിനുണ്ടെന്നും മുഖ്യമന്ത്രിയുടെയും മോദിയുടെയും ഗിമ്മിക്കുകള്‍ പ്രവാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും ഫൈസല്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഊര്‍ജസ്വലമായി രംഗത്ത് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജില്ലാ ജന.സെക്രട്ടറി ജംഷാദ് മണ്ണാര്‍ക്കാട് സ്വാഗതം പറഞ്ഞു.