എക്‌സ്‌പോ 2020: സുസ്ഥിരതാ ഐക്യദാര്‍ഢ്യവുമായി മലേഷ്യന്‍ പവലിയന്‍

എക്‌സ്‌പോ 2020ലെ മലേഷ്യന്‍ പവലിയന്‍

ദുബൈ: എക്‌സ്‌പോ 2020ലെ മലേഷ്യന്‍ പവലിയന്റെ സവിശേഷമായ ‘റെയിന്‍ ഫോറസ്റ്റ് കനോപി’യുടെ വിശദാംശങ്ങള്‍ മലേഷ്യന്‍ അംബാസഡര്‍ മുഹമ്മദ് താരിദ് സൂഫിയാന്‍ ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. എക്‌സ്‌പോ 2020ലെ മലേഷ്യയുടെ ഔദ്യോഗിക പവലിയന്‍ സുസ്ഥിരതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
1,234.05 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലാണ് മലേഷ്യന്‍ പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. എക്‌സ്‌പോ 2020ലെ പ്രഥമ ‘നെറ്റ് സീറോ കാര്‍ബണ്‍ സംരംഭം’ ആയ ഈ പവലിയന്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏറ്റവും ഉത്കൃഷ്ടമായ അനുഭവം പകരുന്ന വിധത്തിലുള്ള ആനിമേഷന്‍ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്ത, നിഗൂഢ ആവിഷ്‌കാരങ്ങള്‍ ലയിപ്പിച്ച വാസ്തുശില്‍പ വിസ്മയമാണെന്നും അംബാസഡര്‍ വ്യക്തമാക്കി.
”എക്‌സ്‌പോ 2020ലെ ഞങ്ങളുടെ റെയിന്‍ ഫോറസ്റ്റ് കനോപി എന്ന ആശയം പ്രതിസന്ധികള്‍ നിറഞ്ഞ ഈ ഘട്ടത്തില്‍ ജീവിതത്തിലും ബിസിനസിലും സുസ്ഥിര കാഴ്ചപ്പാട് ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്നു” -അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് അനന്തര സാമ്പത്തിക വീണ്ടെടുപ്പിന്റെ പ്രയത്‌നങ്ങളിലേക്ക് വെളിച്ചം വീശുന്ന ആഗോള കേന്ദ്ര വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലേഷ്യയെ സംബന്ധിച്ചിടത്തോളം എക്‌സ്‌പോ 2020 സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും മഹാമാരിയുടെ ആഘാതത്തെ മറികടക്കാനും തന്ത്രപ്രധാനമായൊരു വേദിയാണ്. സുസ്ഥിരമായ പരിഹാരങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ ലോകവുമായി ആശയ വിനിമയത്തിനും ഇത് പ്രയോജനപ്പെടുന്നു. വെല്ലുവിളികളെ നിര്‍വിഘ്‌നം നേരിട്ട് എക്‌സ്‌പോ 2020 സംരംഭവുമായി മുന്നോട്ടു പോകുന്ന യുഎഇയെ അദ്ദേഹം അഭിനന്ദിച്ചു.
22 ഗവണ്‍മെന്റ് മന്ത്രാലയങ്ങളും 40 ഏജന്‍സികളും അഞ്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും അടങ്ങുന്നതാണ് മലേഷ്യന്‍ പവലിയന്‍. ആറു മാസം നീളുന്ന പ്രദര്‍ശനത്തിലുടനീളം പങ്കാളിത്ത സ്ഥാപനങ്ങള്‍ 26 പ്രതിവാര വ്യാപാര-ബിസിനസ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കും. രാജ്യത്ത് നിന്നുള്ള വന്‍ പങ്കാളിത്തത്തിന്റെ ഭാഗമായി ചുരുങ്ങിയത് 200 മലേഷ്യന്‍ ബിസിനസ് പ്രതിനിധി സംഘ പര്യടനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘മനസുകളെ ബന്ധിപ്പിക്കുന്നു, ഭാവിയെ സൃഷ്ടിക്കുന്നു’ എന്ന ആശയത്തിലുള്ള എക്‌സ്‌പോ 2020 പവലിയന്‍ ആറു ക്‌ളസ്റ്ററുകളെ ഉള്‍ക്കൊള്ളുന്ന 10 വ്യത്യസ്ത വെര്‍ട്ടിക്കല്‍സിലെ ബിസിനസുകളെ വൈവിധ്യ രൂപമായി മുന്നോട്ടു വെക്കുന്നു.
എക്‌സ്‌പോ 2020ലെ മലേഷ്യയുടെ പങ്കാളിത്ത ഏജന്‍സിയായ ‘മലേഷ്യന്‍ ഗ്രീന്‍ ടെക്‌നോളജി ആന്റ് ക്‌ളൈമാറ്റ് ചേഞ്ച് സെന്റര്‍ (എംജിടിസി) സിഇഒ ഷംസുല്‍ ബഹാര്‍ മുഹമ്മദ് നൂറും പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.