ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഭരണഘടനാ വിരുദ്ധം: ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

മസ്‌കത്ത്: ലക്ഷദ്വീപ് സമൂഹത്തിന് ഭരണഘടനാപരമായി ലഭിച്ചു വരുന്ന അവകാശങ്ങള്‍ ഹനിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ അതിക്രമം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കീഴിലുള്ള ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദ്വീപ് സമൂഹത്തിന്റെ പ്രത്യേകമായ പദവികളോ, സാംസ്‌കാരികമായ സവിശേഷതകളോ പരിഗണിക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ഒരു സമൂഹത്തെ സാംസ്‌കാരികമായി ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത ഉപജീവനമാര്‍ഗങ്ങള്‍ നിര്‍ത്തലാക്കിയും, അന്യായമായി സര്‍ക്കാര്‍ മേഖലയിലെ തൊഴിലില്‍ നിന്നും ജനങ്ങളെ പിരിച്ച് വിട്ടും അദ്ദേഹം നടത്തിയ ഉത്തരവുകള്‍ കടുത്ത അനീതിയാണ്. ദ്വീപിന്റെ പ്രകൃതി സൗന്ദര്യം ഉള്‍ക്കൊള്ളാതെയും, ജനഹിതം മാനിക്കാതെയുമുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യ സമൂഹം അടിയന്തിര നടപടി സ്വീകരിക്കണം. ജില്ലാ പഞ്ചായത്തിന്റെ വെട്ടിക്കുറച്ച അധികാരങ്ങള്‍ തിരിച്ചു നല്‍കണം. ദ്വീപ് സമൂഹത്തിലെ സൈ്വര ജീവിതത്തിന് വെല്ലുവിളിയായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിച്ച് രാഷ്ട്രീയ നിയമനത്തിന് പകരം ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ദ്വീപ് സമൂഹത്തോട് കാട്ടുന്ന ഈ അനീതിക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണമെന്നും ഈ അനീതി അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇസ്‌ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.