അബുദാബിയില്‍ 1,105 വാണിജ്യ വിഭാഗങ്ങളില്‍ വിദേശികള്‍ക്ക് പൂര്‍ണാവകാശാനുമതി

മുഹമ്മദ് അലി അല്‍ശുറഫ

അബുദാബി: അബുദാബിയില്‍ വാണിജ്യ രംഗത്ത് വിദേശികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച്, വിദേശികള്‍ക്ക് 1,105 വിഭാഗങ്ങളില്‍ നൂറു ശതമാനം നിക്ഷേപം നടത്താനുള്ള അവകാശമാണ് നല്‍കിയതെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ശുറഫ വ്യക്തമാക്കി.
അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ വാണിജ്യ മേഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഉദാരമാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രകാരം, സ്വദേശി പങ്കാളിത്തമില്ലാതെ തന്നെ വിദേശികള്‍ക്ക് നൂറു ശതമാനം നിക്ഷേപം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വിദേശ നിക്ഷേപകര്‍ക്ക് ഇതു വഴി കൂടുതല്‍ നിക്ഷേപ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. വാണിജ്യ-വ്യവസായ രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് അബുദാബി തയാറെടുക്കുന്നത്. വരുംനാളുകളില്‍ ഇതിന്റെ പ്രതിഫലനം കണ്ടു തുടങ്ങുമെന്നാണ് കരുതുന്നത്.