രണ്ടു വിസ്മയ പെരുന്നാള്‍ കാമ്പയിനുകളുമായി യൂണിയന്‍ കോപ്

34
ഡോ. സുഹൈല്‍ അല്‍ബസ്തകി

ദുബൈ: ഉപഭോക്താക്കളെ വിസ്മയിപ്പിക്കാന്‍ ഇത്തവണ രണ്ട് കാമ്പയിനുകളാണ് പെരുന്നാളിനായി യൂണിയന്‍ കോപ് ഒരുക്കിയിരിക്കുന്നതെന്ന് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ബസ്തകി അറിയിച്ചു. മെയ് 6ന് ആരംഭിച്ച ആദ്യ കാമ്പയിന്‍ 19 വരെ നീണ്ടു നില്‍ക്കും. നിരവധി ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവാണ് ഇതില്‍ ലഭ്യമാകുന്നത്.
രണ്ടാമത്തെ കാമ്പയിന്‍ ‘പ്രൈസ് ക്രാഷ്ഡ്’ എന്ന പേരില്‍ മൂന്ന് ദിവസത്തെ ഡിസ്‌കൗണ്ട് വ്യാപാരമാണ്. മെയ് 10 മുതല്‍ 12 വരെ നീളുന്ന ഈ സെയിലില്‍, ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി 5,000 ഉല്‍പന്നങ്ങള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. കളര്‍ കോസ്‌മെറ്റിക്‌സ്, ബ്രാന്റഡ് പെര്‍ഫ്യൂംസ്, പരമ്പരാഗത അറബി ശൈലിയിലുള്ള വസ്ത്രങ്ങള്‍, കിച്ചന്‍ വെയര്‍, ടോയ്‌സ്, ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ 75 ശതമാനം വരെ വിലക്കുറവായിരിക്കും ലഭിക്കുക. ഫേസ് മാസ്‌കുകള്‍ ഉള്‍പ്പെടെ കോവിഡ് കാലത്തെ ആവശ്യ സാധനങ്ങള്‍ക്കും ഈ വിലക്കുറവ് ബാധകമായിരിക്കും.
ഷോപ്പിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കാനായി യൂണിയന്‍ കോപ്പിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും ഡോ. അല്‍ബസ്തകി പറഞ്ഞു.
ഒരു കോടി ദിര്‍ഹമാണ് വിലക്കുറവുകള്‍ക്കായി യൂണിയന്‍ കോപ് നീക്കി വെച്ചിരിക്കുന്നത്. ഓഫര്‍ സമയത്ത് കൂടുതല്‍ ഉപഭോക്താക്കള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചു കൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ യൂണിയന്‍ കോപ് ഔട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ബസ്തകി വ്യക്തമാക്കി.
പെരുന്നാള്‍ അവധിക്കാലത്ത് ഫ്രഷ് ഫ്രൂട്‌സ് ബാസ്‌കറ്റുകളും മികച്ച വിലയില്‍ യൂണിയന്‍ കോപ് ലഭ്യമാക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ വലിപ്പത്തിലുള്ള ഫ്രൂട്‌സ് ബാസ്‌കറ്റുകളായിരിക്കും ഇങ്ങനെ തയാറാക്കുന്നത്. സ്മാര്‍ട്ട് വെബ് സ്റ്റോറിലൂടെ ബാസ്‌കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനും അവ സ്റ്റോറുകളില്‍ നിന്ന് ശേഖരിക്കാനുമുള്ള സംവിധാനവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് സുഖകരമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യവും യൂണിയന്‍ കോപ് ഒരുക്കിയിട്ടുണ്ട്.