അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം: രാഷ്ട്രപതിക്ക് എം.കെ രാഘവന്റെ കത്ത്

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാമൂഹിക ജീവിതവും ആവാസ വ്യവസ്ഥയും തകര്‍ക്കുന്ന തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ദ്വീപ് നിവാസികളെ സമാധാന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും എം.കെ രാഘവന്‍ എംപി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഏറെ വിചിത്രവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ശാന്തമായി ജനജീവിതം മുന്നോട്ടു പോയ ദ്വീപ് സമൂഹത്തില്‍ അരക്ഷിതത്വത്തിന്റെ വിത്ത് പാകുന്നത് ജനദ്രോഹവും രാജ്യദ്രോഹവുമാണ്. മോഷണവും സംഘര്‍ഷവും കൊലപാതകവും ഭവന ഭേദനവും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയത് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സാധ്യതയുള്ളവരെ നി:ശബ്ദരാക്കാന്‍ മാത്രമാണ്. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ എതിര്‍ത്ത് കൊണ്ടുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യുക വഴി പൗരന്റെ പ്രതികരിക്കാനുള്ള ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലാണ് വിലങ്ങിടുന്നത്. ഇതെല്ലാം തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ബീഫ് നിരോധം ഉള്‍പ്പെടെ ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന കാലത്തെ ഭക്ഷ്യ മെനുവില്‍ നിന്നും മാംസാഹാരം പൂര്‍ണമായും ഒഴിവാക്കിയെന്ന വാര്‍ത്തയും രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇത് ഒരു ജനതയുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു മാറ്റുന്നതുള്‍പ്പെടെയുള്ള കിരാത നടപടികള്‍ നിഷ്‌കളങ്കമായി കണ്ടു നില്‍ക്കാനാവില്ല. ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ തീരുമാനം കുത്തകകള്‍ക്ക് പായ വിരിക്കാനുള്ള ശ്രമമാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് ജനപ്രതിനിധികളുടെ അധികാരങ്ങള്‍ ഇല്ലായ്മ ചെയ്ത് ഫാഷിസ്റ്റ് അജണ്ടകള്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് ജനജീവിതത്തെ അരക്ഷിതത്വത്തിലേക്ക് തള്ളി വിടുന്നതിന് തുല്യമാണ്. മദ്യത്തിനുള്ള നിയന്ത്രണം എടുത്തു മാറ്റി ടൂറിസത്തിന്റെ പേരില്‍ തദ്ദേശീയരെ വിശ്വാസത്തിലെടുക്കാതെ ദ്വീപില്‍ മദ്യമൊഴുകാന്‍ തുടങ്ങിയതും സാമൂഹിക ജീവിതം തകര്‍ക്കാന്‍ വഴിവെക്കുമെന്ന് എം.കെ രാഘവന്‍ എംപി കത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവരുതെന്ന നിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കാനും പകരം അഡ്മിനിസ്‌ട്രേറ്ററുടെ നോമിനികളെ കുത്തി നിറക്കാനുമാണ്. ലോകത്തെങ്ങും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ ലക്ഷദ്വീപില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, എസ്ഒപിയില്‍ മാറ്റം വരുത്തുക വഴി അഡ്മിനിസ്‌ട്രേറ്റര്‍ രോഗവ്യാപനം കുതിച്ചുയരുന്ന അവസ്ഥയുണ്ടാക്കി. ഇതെല്ലാം അശാസ്ത്രീയ ഭരണ രീതിയുടെ പ്രതിഫലനമാണെന്ന് എം.കെ രാഘവന്‍ അഭിപ്രായപ്പെട്ടു. പട്ടിക വര്‍ഗ വിഭാഗമായ ദ്വീപ് ജനതയെ വിശ്വാസത്തിലെടുത്ത് അവരുടെ സഹകരണത്തോടെ തീവ്രവാദ മയക്കു മരുന്ന് സാധ്യതകളില്ലാതെ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കേണ്ടുന്നതിനു പകരം വികസനത്തിന്റെ പേരില്‍ അവരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് നീതീകരിക്കാനാവാത്ത നടപടികളാണ്.
കാലങ്ങളായി ചരക്കു ഗതാഗതത്തിനായി ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്ത് നിന്ന് ചരക്ക് അയച്ചാല്‍ മതിയെന്ന ഉത്തരവ് ഉള്‍പ്പെടെ കേരളത്തിനും ദോഷം ചെയ്യുന്നതാണ്. കേരളവുമായ് ലക്ഷദ്വീപിനുള്ള പരമ്പരാഗത ബന്ധത്തെ തകര്‍ക്കുന്നതാണ് പുതിയ നടപടി. ഏറ്റവും സമാധാനത്തോടും സൗഹാര്‍ദത്തിലും വസിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിത ചക്രത്തെ തന്നെ തകര്‍ക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍. ഇതിനെതിരെ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍, പ്രഫുല്‍ പട്ടേലിന്റെ സേവനം അവസാനിപ്പിച്ച് പകരം ജനാധിപത്യപരമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജനപ്രതിനിധികളുടെ അധികാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എം.കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു.