വിമാനത്താവള വികസനം: റവന്യൂ ഓഫീസ് പൂട്ടിയതില്‍ മന്ത്രിമാരുടെ ഇടപെടല്‍ അനിവാര്യം

24

കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക റവന്യൂ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് കോട്ടയത്തേക്ക് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ഈ മാസാവസാനത്തോടെ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിനാല്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും എം.കെ രാഘവന്‍ എംപി മന്ത്രിമാരായ കെ.രാജന്‍, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, വി.അബ്ദുറഹ്മാന്‍ എന്നിവരോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉത്തരവിറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയോടും എംപി ഉന്നയിച്ചിരുന്നു. കാവല്‍ മന്ത്രിസഭാ സമയത്ത് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലാണ് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക റവന്യൂ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും ഇത് കോട്ടയത്തേക്ക് മാറ്റുന്നതായും പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമുള്ളത്. വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി എത്രയെന്ന് എയര്‍പോര്‍ട്‌സ് അഥോറിറ്റിയുമായി ധാരണയില്‍ എത്തുകയും പ്രദേശ വാസികളുടെ ആശങ്കകള്‍ അകറ്റി അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഏറ്റവും മികച്ച പുനരധിവാസ പദ്ധതി ഒരുക്കുകയും അനിവാര്യമായ ഭൂമി ഏറ്റെടുക്കുകയും ചെയ്യുകയെന്നതാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ ഓഫീസിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ നടക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും എംപി ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ എയര്‍പോര്‍ട്ടുകളിലെ സമാനമായ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക റവന്യൂ ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കം നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനോട് തുടരുന്ന പ്രാദേശിക വിവേചനത്തിന്റെ ഭാഗമാണെന്നും എം.പി ആരോപിച്ചു.

ഇന്‍കാസ് യുഎഇ

ദുബൈ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക റവന്യൂ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് കോട്ടയത്തേക്ക് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്‍കാസ് യുഎഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.