അല്‍അമീര്‍ സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ജയപ്രകാശ് അന്തരിച്ചു

ടി.ജയപ്രകാശ്

അജ്മാന്‍: അല്‍അമീര്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ മുന്‍ മലയാളം അധ്യാപകന്‍ കണ്ണൂര്‍ കക്കാട് ഗോപാല്‍ സദനത്തില്‍ ടി. ജയപ്രകാശ് (67) നിര്യാതനായി. മൂന്നു വര്‍ഷമായി അര്‍ബുദ ചികിത്സയിലായിരുന്നു. തലശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നീണ്ട കാലം മലയാളം അധ്യാപകനായിരുന്നു. സ്‌കൂളിലെ എന്‍സിസി ഓഫീസറുമായിരുന്നു. ബാലജനസഖ്യം തലശ്ശേരി യൂണിയന്‍ മുന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് അധ്യാപക ബിരുദവും നേടി. തലശ്ശേരി അണ്ടലൂരില്‍ പരേതരായ വെള്ളാറ്റില്‍ അനന്തന്‍ മേനോന്റെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: ശ്രീഹരി, ശ്രീദേവ്. സഹോദരങ്ങള്‍: കമലാക്ഷി, രവീന്ദ്രന്‍, വിമുക്തഭടന്‍ രാജമണി, പരേതരായ തങ്കമ്മ, വസന്ത.
സിനിമാ താരം വിനീത്, സംഗീത സംവിധായകന്‍ സുശീല്‍ ശ്യാം, അമേരിക്കയില്‍ ശാസ്ത്രജ്ഞനായ വി.എസ് സുമിത്, ഡല്‍ഹി പൊലീസ് കമീഷണറായിരുന്ന നിതിന്‍ വത്സന്‍, പത്രപ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍, ദുബൈയിലെ മോട്ടിവേഷന്‍ സ്പീക്കര്‍ സംഗീത് ഇബ്രാഹിം തുടങ്ങിയവര്‍ ശിഷ്യരാണ്.
അല്‍അമീര്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ ജേക്കബ് ജയപ്രകാശിനെ ഓര്‍മിച്ചത് വ്യക്തിത്വം നിറഞ്ഞ മനുഷ്യനെന്ന നിലയില്‍ മറക്കാനാവാത്ത ഒരാളെന്ന നിലയിലാണ്. പണ്ഡിതനും സഹൃദയനും സര്‍വോപരി കുഞ്ഞുങ്ങളുടെ പ്രിയ അധ്യാപകപനുമായിരുന്നു ജയനെന്ന് ജേക്കബ് കൂട്ടിച്ചേര്‍ത്തു. വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് ഷംസുദ്ദീന്‍, അക്കാദമിക് കോഓഡിനേറ്റര്‍ സൈഫുദ്ദീന്‍.പി ഹംസ, കരിക്കുലം ഹെഡ് ലത വാരിയര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.