അക്കാഫ്-വതനി അല്‍ഇമാറാത് ഫൗണ്ടേഷനുമായി ചേര്‍ന്ന് ഡോമിനോസിന്റെ ‘പിസ്സ അല്‍ഖൈര്‍’ പദ്ധതി

ദുബൈ: ഡോമിനോസ് പിസ്സ മധ്യപൂര്‍വദേശം മുഴുവന്‍ നടപ്പില്‍ വരുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ‘പിസ്സ അല്‍ഖൈര്‍’ പദ്ധതി യുഎഇയില്‍ ആദ്യമായി അക്കാഫും വതനി അല്‍ ഇമാറാത് ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പാക്കുന്നു. കേരളത്തിലെ കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥി അലൂംനികളുടെ മാതൃ കൂട്ടായ്മയായ ഓള്‍ കേരള കോളജസ് അലൂംനി ഫോറം (അക്കാഫ്) ഡോമിനോസ് പിസ്സയും വതനി അല്‍ ഇമാറാത്തും സംയുക്തമായി ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളി സുഹൃത്തുക്കള്‍ക്ക് പിസ്സയും ആഹാര സാധാരണങ്ങളും വിതരണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. റമദാന്റെ പുണ്യവും കരുണയും സ്‌നേഹവും അര്‍ഹരിലെത്തിക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തം അവിസ്മരണീയമാക്കാന്‍ ഡോമിനോസ് പിസ്സയും വതനി അല്‍ ഇമാറാത്തും അക്കാഫിനോട് ഒപ്പത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. മുപ്പതു ലക്ഷത്തിലധികം പിസ്സ ദിനംപ്രതി ലോകമാകമാനം വിതരണം ചെയ്യുന്ന ഡോമിനോസ് പിസ്സ അവരുടെ സാമൂഹിക പ്രതിബദ്ധത റമദാന്റെ പുണ്യ നാളുകളിലൂടെ നന്മയുടെ പുസ്തകത്തിലേക്ക് സ്വര്‍ണ ലിപികളാല്‍ കുറിക്കുന്നു അക്കാഫിനൊപ്പം. മുപ്പതിനായിരത്തിലധികം പിസ്സകളാണ് റമദാന്‍ ദിനങ്ങളില്‍ ലേബര്‍ ക്യാമ്പുകളിലേക്ക് വിതരണത്തിനായി തയാറാക്കുന്നത്. റമദാനില്‍ ആരും പട്ടിണിയിലാവരുതെന്ന ഇസ്‌ലാമിക തത്ത്വം ലോകത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിച്ചു മുന്നേറുന്ന വതനി അല്‍ ഇമാറാത് ഫൗണ്ടേഷന്‍ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാന്‍ അക്കാഫിന് ഊര്‍ജവും പ്രാപ്തിയും നല്‍കുന്നു. പിസ്സയോടൊപ്പം മറ്റു ആഹാര സാധനങ്ങളും അര്‍ഹരിലെത്തിക്കാന്‍ അക്കാഫ് ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അല്‍മറായ്, റൊമാന വാട്ടര്‍, എന്‍ടിഡിഇ, ഹോട്ട്പാക്ക് തുടങ്ങിയ കമ്പനികളും അവരുടെ ഉല്‍പന്നങ്ങളും വിതരണത്തിനായി എത്തിച്ചു കൊണ്ടിരിക്കുന്നു. പൂര്‍ണമായും കോവിഡ് 19 നിബന്ധനകള്‍ പാലിച്ച് വിതരണം ചെയ്യുന്ന ആഹാര സാധനങ്ങള്‍ അര്‍ഹരിലെത്തിക്കാന്‍ അക്കാഫ് വളണ്ടിയേഴ്‌സ് നിരവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഉപയോക്താവും പിഎഫ്ജി വെബ്‌സൈറ്റില്‍ ചെലവഴിക്കുന്ന ഓരോ ദിര്‍ഹമും പിസ്സയായി പുനരാവിഷ്‌കരിച്ച് അര്‍ഹരിലെത്തിക്കുന്ന അദ്വിതീയമായ ജീവകാരുണ്യ പ്രവൃത്തിയാണ് പ്രതിബദ്ധതയോടെ അക്കാഫുമായി ചേര്‍ന്ന് ഇപ്പോള്‍ യുഎഇയില്‍ നടപ്പാക്കിയതെന്ന് ഡോമിനോസ് പിസ്സ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ശോഭിത് ടണ്ഠന്‍ അഭിപ്രായപ്പെട്ടു. ഉപരിപ്‌ളവമായ ചെറിയ ബോധ്യപ്പെടുത്തലുകള്‍ക്കപ്പുറം നന്മയും സ്‌നേഹവും കരുതലും വിളിച്ചോതുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അക്കാഫ് നിരന്തരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ടു പോയ സമൂഹത്തിന് എന്നും കൈത്താങ്ങാകുമെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.
ആയിരത്തിലധികം പിസ്സ ദിനം പ്രതി അര്‍ഹരിലെത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് അക്കാഫ് ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഡൊമിനൊസ് ഫിനാന്‍സ് മേധാവി മഹേഷ് കൃഷ്ണന്‍ പറഞ്ഞു.
പുണ്യ മാസത്തെ പൂര്‍ണമായ അര്‍ത്ഥത്തോടെ സമീപിക്കാനും അര്‍ഹരായ സമൂഹത്തോട് ഒത്തുചേരാനും മറ്റുള്ളവരിലേക്ക് മനുഷ്യത്വപരമായ നന്മകള്‍ ചേര്‍ത്തുവെക്കാനും ഡോമിനോസ് ഒരുക്കിയ ഈ പ്രവൃത്തി മൂലം കഴിഞ്ഞെന്ന് അക്കാഫ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു. വിവിധ പ്രവൃത്തികളിലൂടെ നിരന്തര സാന്നിധ്യം ഉറപ്പാക്കുന്ന അക്കാഫ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ദിശാ ബോധം നല്‍കാനും സ്വയം വിമര്‍ശന വിധേയമാവാനും കഴിയുന്ന പുണ്യ പ്രവൃത്തികളിലൊന്നായിരുന്നു ഡോമിനോസുമായി സഹകരിക്കാന്‍ കഴിഞ്ഞതെന്ന് അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍ സൂചിപ്പിച്ചു.


റമദാന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന പുണ്യ പ്രവൃത്തികള്‍ അര്‍ഹര്‍ക്ക് ആഹാരം എത്തിക്കുന്നതിലൂടെ അക്കാഫും ഡോമിനോസ് പിസ്സയും ചേര്‍ന്ന് സാക്ഷാത്കരിക്കുന്നുവെന്ന് ഡോമിനൊസ് കണ്‍ട്രി ഡയറക്ടര്‍ സിജോ കരേടന്‍ അഭിപ്രായപ്പെട്ടു.
നൂറിലധികം പ്രവര്‍ത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന മികവും അക്കാഫ് നേതൃത്വവും കൂടിച്ചേരുന്ന സന്നദ്ധ സേന ഇത്തരം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും സൂക്ഷ്മതയോടെയും ചെയ്യാന്‍ പര്യാപ്തമാണെന്ന് അക്കാഫ് ജന.സെക്രട്ടറി വി.എസ് ബിജുകുമാര്‍ പറഞ്ഞു. ദിനം തോറും വ്യാപ്തി പ്രാപിക്കുകയും പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം കൊണ്ട് അതിശയിപ്പിക്കുകയും ചെയ്യുന്ന അക്കാഫ് വരും കാലങ്ങളില്‍ കൂടുല്‍ ബൃഹത്തായ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് അക്കാഫ് ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍ വ്യക്തമാക്കി. ഈ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ പിഎഫ്ജി പദ്ധതി വരും വര്‍ഷങ്ങളില്‍ ഇതിലും വലിയ രീതിയില്‍ നടപ്പക്കാന്‍ ഡോമിനൊസ് പ്രതിജ്ഞാബദ്ധമാണെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഹുസൈന്‍ അബ്ദുല്ല പറഞ്ഞു. പിസ്സ അല്‍ ഖൈര്‍ പദ്ധതി പൂര്‍ണമായും വിജയിപ്പിക്കാനുള്ള ഏകോപനം ഡോമിനൊസ് ഓപറേഷന്‍സ് മാനേജര്‍ രവി ആനന്ദ്, ജൂഡിന്‍ ഫെര്‍ണാണ്ടസ്, ജന.കണ്‍വീനറായും രഞ്ജിത് കോടോത്, ശ്യാം വിശ്വനാഥ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായുള്ള കമ്മിറ്റി നിയന്ത്രിക്കുന്നു.
കോവിഡ് 19 രോഗികളുടെ പരിചരണം, അര്‍ഹര്‍ക്ക് വേണ്ടിയുള്ള ആഹാര വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായവര്‍ക്ക് നാട്ടിലെത്താന്‍ സൗജന്യ വിമാന ടിക്കറ്റ്, തലാസീമിയ രോഗികള്‍ക്കാവശ്യമായ രക്തവും രക്തജന്യ ഘടകങ്ങളും ഏകോപിപ്പിക്കുക, കോവിഡ് 19 രോഗ ഭീതിയില്‍ പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷയും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുക, ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വര്‍ഷം നീളുന്ന പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അക്കാഫ് നടപ്പാക്കി വരുന്നത്.
ഡോമിനോസ് പിസ്സയും വതനി അല്‍ ഇമാറാത്തുമായി ചേര്‍ന്ന് ഇപ്പോള്‍ അക്കാഫ് ചരിത്രമെഴുതുകയാണ്. സ്‌നേഹവും കരുണയും കൈമുതലായുള്ള പ്രവാസികള്‍ക്കിടയില്‍ ഒരു ചാലക ശക്തിയായി പ്രവര്‍ത്തിക്കാനും കൂടുതല്‍ മേഖലകളിലേക്ക് വെളിച്ചം പരത്താനുമുള്ള അക്കാഫിന്റെ പരിശ്രമം നിങ്ങളുടെ സഹകരണത്താല്‍ കൂടുതല്‍ ഊര്‍ജമുള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണെന്നും അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിഖ് പറയുകയുണ്ടായി.
സംഖ്യാതീതമായ അംഗബലവും സംഗതമായ ആശയാവിഷ്‌കാരവും സംഗ്രഥനമായ നടത്തിപ്പും നന്മയുടെ സംജ്ഞ കാണിക്കുന്ന പ്രവര്‍ത്തന ശൈലിയും എന്നും അക്കാഫിനു കൈമുതല്‍ തന്നെയാണെന്ന് അക്കാഫ് വൈസ് ചെയര്‍മാന്‍ അഡ്വ. ബക്കറലി സൂചിപ്പിച്ചു.
ഈ പുണ്യ മാസത്തില്‍ അക്കാഫ് ദുബൈ ഗവണ്‍മെന്റ് വതനി അല്‍ ഇമാറാത് ഫൗണ്ടേഷനും സഹകരിച്ച് നടത്തിയ ലോക റെക്കോര്‍ഡിനും അക്കാഫ് സജീവ സാന്നിധ്യമായിരുന്നുവെന്ന് അക്കാഫിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായ മനോജ് വി.സി പറഞ്ഞു.
അക്കാഫ് ട്രഷറര്‍ റിവ ഫിലിപ്പോസ്, ജോ.സെക്രട്ടറി മനോജ് കെ.വി, ടാസ്‌ക് ഫോഴ്‌സ് ജന.കണ്‍വീനര്‍ കോശി ഇടിക്കുള, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ റാണി സുധീര്‍, പ്രസിഡന്റ് അന്നു പ്രമോദ്, മീഡിയ കോഓര്‍ഡിനേറ്റര്‍ സിന്ധു ജയറാം, മീഡിയ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ് എന്നിവരും പ്രഖ്യാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.