കോവിഡ് പ്രതിരോധം: കേരളത്തിന് കൈത്താങ്ങായി അക്കാഫ് വളന്റിയര്‍ ഗ്രൂപ്

139

ദുബൈ: കേരള മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം നോര്‍ക റൂട്‌സ് പ്രവാസി മലയാളി സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാനായി ആവിഷ്‌കരിച്ച ‘കെയര്‍ ഫോര്‍ കേരള’യിലേക്ക് അക്കാഫ് വളന്റിയര്‍ ഗ്രൂപ്പിന്റെ സംഭാവനയായി 15 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 210 പള്‍സ് ഓക്‌സി മീറ്ററുകളും നോര്‍ക ഡയറക്ടര്‍ ഒ.വി മുസ്തഫക്ക് വേണ്ടി ബദറുദ്ദീന്‍ ഏറ്റുവാങ്ങി. കേരളത്തിലെ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ യുഎഇയിലെ കൂട്ടായ്മയായ അക്കാഫ് വിവിധ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണത്തോടെയാണ് ഇത്രയധികം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നാട്ടിലെത്തിക്കുന്നത്. ഇനിയും നോര്‍കയുമായി സഹകരിച്ച് കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ അക്കാഫ് വളന്റിയര്‍ ഗ്രൂപ് എന്നുമുണ്ടാകുമെന്ന് സീനിയര്‍ ലീഡര്‍ പോള്‍.ടി ജോസഫ് പറഞ്ഞു . നാട്ടിലെ പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് അക്കാഫ് നോര്‍കക്ക് കൈമാറിയത്. ഈ മഹാമാരിക്കാലത്ത് അക്കാഫ് വളന്റിയര്‍ ഗ്രൂപ്പിന്റെ സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് ബദറുദ്ദീന്‍ പറഞ്ഞു.
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘സീറ്റ’യാണ് ഏഴു ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 100 ഓക്‌സിമീറ്ററുകളും നല്‍കി മുന്നില്‍ നില്‍ക്കുന്ന അലുംനി. ശിവഗിരി ശ്രീനാരായണ കോളജ്, ഗവ.എഞ്ചി.കോളജ് കോഴിക്കോട്, ഫാത്തിമ മാതാ നാഷണല്‍ കോളജ് കൊല്ലം, സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് കോഴിക്കോട്, സിഎംഎസ് കോളജ് കോട്ടയം, കെജി കോളജ് പാമ്പാടി, ശ്രീ കേരള വര്‍മ കോളജ് തൃശൂര്‍, സര്‍ സയ്യിദ് കോളജ് തലശ്ശേരി, പന്തളം പോളി ടെക്‌നിക്, ബസേലിയസ് കോളജ് കോട്ടയം, ഡിബി കോളജ് ശാസ്താംകോട്ട തുടങ്ങിയ കലാലയങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കി സഹായിച്ചു. പ്രസ്തുത ചടങ്ങില്‍ അക്കാഫ് വളന്റിയര്‍ ഗ്രൂപ് ഭാരവാഹികളായ റാഫി പട്ടേല്‍, വെങ്കിട്ട് മോഹന്‍, ദീപു എ.എസ്, ഷൈന്‍ ചന്ദ്രസേനന്‍, നൗഷാദ് മുഹമ്മദ്, ജെറോം വര്‍ഗീസ്, യാസിര്‍, ബിന്ദു നായര്‍, ടി.എന്‍ കൃഷ്ണകുമാര്‍, ഹരികൃഷ്ണന്‍, ജോളി പങ്കെടുത്തു.