കുട്ടികളുടെ വായനോല്‍സവത്തില്‍ ഫാഷന്‍ മോടിയില്‍ പുസ്തകങ്ങള്‍!

വര്‍ണാഭയില്‍ കഥാപാത്രങ്ങള്‍; മൂകാഭിനയത്തില്‍ മിന്നി

ഷാര്‍ജ: വര്‍ണ വസ്ത്രങ്ങളണിഞ്ഞ് കഥാപാത്രങ്ങള്‍ മൂകാഭിനയത്തില്‍ തിളങ്ങി പുസ്തക പ്രേമികളെ കയ്യിലെടുത്തു. പന്ത്രണ്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവ(എസ്‌സിആര്‍എഫ്)ത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയായിരുന്നു ഇവരുടെ രംഗപ്രവേശം.

ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളും യുവ സമൂഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറവുമുള്ള വസ്ത്രങ്ങള്‍ അടി മുതല്‍ മുടി വരെ അണിഞ്ഞെത്തിയ താരങ്ങള്‍ കുരുന്നുകളുടെ മനം കവര്‍ന്നു. എന്നാല്‍, ഈ കഥാപാത്രങ്ങളുടെ ഏകതാനമായ പ്രത്യേകത പുസ്തകം വായിച്ചു കൊണ്ടുള്ള പോസിലാണ് ഇവര്‍ എത്തിയത് എന്നതായിരുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഹാളുകളിലും ലോബികളിലും ഇവര്‍ അടിവെച്ചടിവെച്ച് നീങ്ങിയപ്പോള്‍ ഏവരും കണ്ണിമയ്ക്കാതെ നോക്കിനിന്നു. അത്രക്ക് ദൃശ്യ ഭംഗിയുണ്ടായിരുന്നു ഈ കഥാപാത്രങ്ങള്‍ക്ക്.