സ്വര്‍ഗത്തിലെത്തിക്കുന്ന സ്വഭാവങ്ങള്‍

15

സല്‍സ്വഭാവങ്ങളാണ് മനുഷ്യനെ സ്വര്‍ഗത്തിലെത്തിക്കുന്നത്. തഖ്‌വ (ദൈവഭയം) ആണ് അതിശ്രേഷ്ഠമായ സ്വഭാവ ഗുണം. ”ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ (തഖ്‌വയുള്ളവര്‍ (സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായി ശക്തനായ രാജാവിന്റെയടുത്ത് സത്യസന്ധതയുടെ ഇരിപ്പിടത്തിലായിരിക്കും” (സൂറത്തുല്‍ ഖമര്‍ 54, 55). അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഒരാള്‍ നബി(സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, ആരാണ് സ്വര്‍ഗാവകാശികള്‍? തിരു നബി (സ്വ) മൊഴിഞ്ഞു: എല്ലാ മയ സ്വഭാവക്കാരും ജനങ്ങളോട് ബന്ധം നിലനിര്‍ത്തി സഹായിക്കുന്നവരും (ശിഅബുല്‍ ഈമാന്‍ 10/444). അതായത്, വാക്കിലും പ്രവൃത്തിയിലും മയത്തോടെയും ലാളിത്യത്തോടെയും പെരുമാറുന്നവരും ഇടപാടുകളില്‍ ക്ഷമ കൈവരുത്തുന്നവരും ജനങ്ങളുടെ കൂടി സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ചെയ്തും ആവശ്യങ്ങള്‍ നടത്തിക്കൊടുത്തും സഹായിക്കുന്നവരാണ് സ്വര്‍ഗാവകാശികള്‍.
നൈര്‍മല്യത്തിന്റെയും സഹാനുഭൂതിയുടെയും ഈ സ്വഭാവ മഹിമകളെല്ലാം സമ്മേളിച്ചവരായിരുന്നു നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ). നബി (സ്വ) തങ്ങള്‍ ഏവരോടും മയഭാവത്തില്‍ ഇടപെടുകയും പെരുമാറുകയും ചെയ്യുമായിരുന്നു. ഏവരോടും നല്ല വാക്കുകള്‍ മാത്രം ഉരുവിടുമായിരുന്നു. ആളുകളോട് ഇണങ്ങി ബന്ധം സ്ഥാപിക്കുകയും നന്നായി സഹവസിക്കുകയും ചെയ്തിരുന്നു. അതിനാല്‍, ആളുകള്‍ നബി(സ്വ)യോടും കൂടുതല്‍ ആര്‍ദ്രരായിരുന്നു. പ്രവാചകരെ (സ്വ) കുറിച്ചുള്ള അതേ കാര്യമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചത്: ”അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കള്‍ക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിന് കഴിയുന്നത്” (സൂറത്തു ആലു ഇംറാന്‍ 159). ഇടപാടുകളില്‍ സൗമ്യ സ്വഭാവവും വിട്ടുവീഴ്ചാ മനോഭാവവും വെച്ചു പുലര്‍ത്തുന്നവര്‍ക്ക് വേണ്ടി നബി (സ്വ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്: ”വില്‍ക്കുമ്പോള്‍ വിട്ടുവീഴ്ച ചെയ്യുന്നവനും, വാങ്ങുമ്പോള്‍ വിട്ടുവീഴ്ച ചെയ്യുന്നവനും, വിധി പ്രസ്താവത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവനും അല്ലാഹു കാരുണ്യം ചൊരിയട്ടെ” (ഹദീസ് ബുഖാരി 2076, ഇബ്‌നുമാജ 2203).
നല്ല സമീപനവും വിനിമയവും തുടങ്ങേണ്ടത് സ്വന്തക്കാരിലും ബന്ധക്കാരിലുമാണ്. അബ്ദുല്ലാ ബ്‌നു ഉമര്‍ (റ) ഒരാളോട് ചോദിച്ചു: സ്വര്‍ഗത്തില്‍ കടക്കാന്‍ ആഗ്രഹിക്കുന്നുവോ? അയാള്‍ പറഞ്ഞു: അതേ, തീര്‍ച്ചയായും. അബ്ദുല്ല (റ) തുടര്‍ന്നു: താങ്കളുടെ പിതാവ് ജീവിച്ചിരിപ്പുണ്ടോ? അപ്പോള്‍ അയാള്‍ പറഞ്ഞു: ഉമ്മയുണ്ട്. അബ്ദുല്ല (റ) പറഞ്ഞു: താങ്കള്‍ ഉമ്മയോട് സൗമ്യമായി സംസാരിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്താല്‍ നിശ്ചയമായും സ്വര്‍ഗത്തില്‍ പ്രവേശിക്കാം (അദബുല്‍ മുഫ്‌റദ് 8).
ഇപ്പറഞ്ഞ സ്വഭാവങ്ങളൊക്കെയും സ്വര്‍ഗത്തിലെത്തിക്കുന്ന സുകൃതങ്ങളാണ്. ആള്‍ക്കാരോട് പരുഷമാവാതെ, കാര്‍ക്കശ്യമില്ലാതെ മൃദു ഭാവത്തിലും ലളിത രൂപത്തിലും സമീപിക്കുന്നവര്‍ക്ക് സ്വര്‍ഗ പ്രവേശം എളുപ്പമായിരിക്കും. സ്വര്‍ഗത്തില്‍ അവര്‍ ഉന്നത സ്ഥാനീയരുമായിരിക്കും. നബി (സ്വ) പറയുന്നു: സ്വര്‍ഗത്തില്‍ കുറേ അറകളുണ്ട്. അതിന്റെ പുറം ഭാഗം അകത്തിലൂടെ ദൃശ്യമാകും. അകം ഭാഗം പുറത്തിലൂടെയും ദൃശ്യമാകും. സംസാരത്തില്‍ മയം പാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നവര്‍ക്കാണ് അവ തയാര്‍ ചെയ്തിട്ടുള്ളത് (ഹദീസ് അഹ്മദ് 22905).