കോവിഡ് 19 പ്രതിരോധം: കേരളത്തിന് ദുബൈ കെഎംസിസിയുടെ കൈത്താങ്ങ്

41

ദുബൈ: കേരളത്തില്‍ നടക്കുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടില്‍ പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ മുഖേന സംസ്ഥാനത്ത് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ഫോഗിംഗ് മെഷീന്‍, പള്‍സ് ഓക്‌സി മീറ്റര്‍, പിപിഇ കിറ്റ് തുടങ്ങിയവ ഉള്‍പ്പെട്ട 10 ലക്ഷം രൂപയുടെ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.കോവിഡ് 19 കേസുകള്‍ നിയന്ത്രണാതീതമായി പെരുകുന്ന സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ വിദേശത്ത് നിന്ന് റെമെഡിസിവിര്‍ ഇന്‍ജെക്ഷന്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ക്രയോജനിക് ടാങ്കുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ എന്നിങ്ങനെ ആവശ്യമായ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മന്റുകള്‍ക്കും റിലീഫ് പ്രവര്‍ത്തനങ്ങളിലേര്‍പ്പട്ട സംഘടനകള്‍ക്കും ഇന്ത്യയില്‍ എവിടെയും സൗജന്യമായി വിതരണം ചെയ്യാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. അത്തരം ഘട്ടത്തില്‍ പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ കെഎംസിസി ഘടകങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും (നോര്‍ക) പാര്‍ട്ടി ഘടകങ്ങള്‍ വഴിയും നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനമാണ് ദുബൈ കെഎംസിസി മെഡിക്കല്‍ കിറ്റുകളുടെ വിതരണം. പ്രവാസ ലോകത്ത് കോവിഡ് 19 പ്രാരംഭ ഘട്ടത്തില്‍ ദുബൈ കെഎംസിസി നടത്തിയ പ്രതിരോധ ക്വാറന്റൈന്‍ സെന്റര്‍, ഹെല്‍പ് ഡെസ്‌ക്, സൗജന്യ വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് സെക്രെട്ടറി ഇസ്മായില്‍ അരൂക്കുറ്റി, ഓര്‍ഗ.സെക്രെട്ടറി ഹംസ തൊട്ടിയില്‍, ദുബൈ കെഎംസിസി സ്‌റ്റേറ്റ് ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്ദു, നിസാം കൊല്ലം, ഹസ്സന്‍ ചാലില്‍, കെ.പി.എ സലാം, ആര്‍.ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു. ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലിന്റെ നേതൃത്വത്തില്‍ നാട്ടിലുള്ള ഭാരവാഹികള്‍ മെഡിക്കല്‍ കിറ്റ് ക്രോഡീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.