കോവിഡ് വാക്‌സിനേഷന്‍, മടങ്ങിവരവ്: ഇന്ത്യയിലുളള പ്രവാസികളുടെ വിഷമതകള്‍ ദൂരീകരിക്കണം

ഫൈസല്‍ തുറക്കല്‍
(പ്രസിഡന്റ്, ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി

)ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നടത്തുന്നതില്‍ നിലവിലുള്ള കാലതാമസം ഒഴിവാക്കണം. ആയിരക്കണക്കിന് പ്രവാസികള്‍ അവധിക്ക് ഇന്ത്യയിലെത്തിയപ്പോള്‍ വിശേഷിച്ചും കേരളത്തില്‍ കോവിഡ് 19 വ്യാപനം വളരെ ഉയര്‍ന്ന നിലയായതിനാല്‍ വാക്‌സിന് ക്ഷാമമുണ്ടായി. ഇതിനെ തുടര്‍ന്ന് പലര്‍ക്കും സമയ ബന്ധിതമായി വാക്‌സിനേഷന്‍ നടത്തി യുഎഇയില്‍ തിരിച്ചു വരാനാവാത്ത സ്ഥിതിയാണുള്ളത്. ജൂണ്‍ മധ്യത്തോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന സൂചനയുള്ളതിനാല്‍ ആളുകള്‍ യുഎഇയിലേക്ക് വരാന്‍ തയാറെടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനിടക്ക് കോവാക്‌സിന്‍, കോവിഷീല്‍ഡ് തുടങ്ങിയ ഇന്ത്യയില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ എടുത്ത കുറെ പ്രവാസികളുണ്ട്. എന്നാല്‍, പ്രസ്തുത വാക്‌സിനുകള്‍ക്ക് യുഎഇ അംഗീകാരം നല്‍കിയിട്ടില്ലാത്തതിനാല്‍, അവയെടുത്തവരുടെ മടങ്ങി വരവിന് അതും ആശങ്കയായിരിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം പരിഗണിച്ച് പ്രവാസികളുടെ യാത്ര നിയമ വിധേയവും സുഗമമവുമാക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. നാടിന്റെ സംരക്ഷകരും വളര്‍ച്ചാ പ്രേരക ശക്തികളുമായ പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഇനിയും അമാന്തിക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.