നേരത്തെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും സാക്ഷ്യപത്രത്തില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സംവിധാനമൊരുക്കണം: എം.കെ രാഘവന്‍ എംപി

കോഴിക്കോട്: ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കി ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കണമെന്ന് എം.കെ രാഘവന്‍ എംപി പ്രധാനമന്ത്രിയോടും ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനോടും ആവശ്യപ്പെട്ടു. കോവിഡ് 19 സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്കായി ഇതര രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ആധാര്‍ രേഖയാക്കി വാക്‌സിന്‍ രണ്ട് ഡോസുകളും സ്വീകരിച്ച ഇന്ത്യന്‍ പൗരന്മാരെ പ്രവേശിപ്പിക്കാന്‍ വിദേശ രാജ്യങ്ങള്‍ തയാറാവാത്ത പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അടിയന്തിര പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആധാര്‍ ആയിരുന്നു അംഗീകൃത തിരിച്ചറിയല്‍ രേഖ. പല രാജ്യങ്ങളും യാത്രാ നിരോധം പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന പ്രവാസികള്‍ക്ക് തിരിച്ചു പോകാന്‍ സാധിച്ചിരുന്നില്ല. തിരികെ പോകാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് നേരത്തെ തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പാസ്‌പോര്‍ട്ട് പോലുള്ള രേഖകളെ അടിസ്ഥാനപ്പെടുത്തി വാക്‌സിനേഷന്‍ ചെയ്ത വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയും വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കിലും അതിന് മുന്‍പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇത്തരമൊരു പ്രശ്‌നം വന്നിരിക്കുന്നത്. ആധാര്‍ അടിസ്ഥാനപ്പെടുത്തി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച നിലവില്‍ വിസാ കാലാവധി അവസാനിക്കാറായതും, അതോടൊപ്പം ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തിര യാത്ര ചെയ്യേണ്ട പ്രവാസികള്‍ക്കും ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്നതിന് വാക്‌സിനേഷന് വേണ്ടി ക്രമീകരിച്ച പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കണമെന്ന് എംപി ഇരുവരോടും ആവശ്യപ്പെട്ടു.