ഈദുല്‍ ഫിത്വര്‍ ഖുതുബ: പാരസ്പര്യ ബോധമാണ് വിശ്വാസിയുടെ ആഘോഷപ്പൊരുള്‍

17

മന്‍സൂര്‍ ഹുദവി കളനാട്

വ്രതമനുഷ്ഠിച്ച സത്യവിശ്വാസി മനസ്സുകളില്‍ ഈമാനികാവേശവും ദൈവ സാമീപ്യവും സമ്മാനിച്ചു കൊണ്ട് പെരുന്നാള്‍ വരവായി. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’. തക്ബീര്‍ ധ്വനികള്‍ വിശ്വാസിയുടെ ഹര്‍ഷാരവങ്ങളായി മുഴങ്ങുകയായി. ആരാധനകളാലും പ്രാര്‍ത്ഥനകളാലും റമദാന്‍ രാപകല്‍ ഭേദമെന്യേ ദൈവഭക്തിയിലാണ്ട വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയുടെ നിമിഷങ്ങളാണ് നിലാവിട്ടിറങ്ങുന്നത്. സഹാനുഭൂതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളോതുന്ന ഈദുല്‍ ഫിത്വ്ര്‍ കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാനും സാമൂഹിക പ്രതിബദ്ധത ശക്തമാക്കാനുമുള്ള സന്ദേശമാണ് ആഘോഷമാക്കുന്നത്. മാനവികതയുടെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും ജീവിത പാത തെരഞ്ഞെടുത്തവരാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ച പ്രകാരമുള്ള സദ്‌വൃത്തര്‍. അവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നുണ്ട് (സൂറത്തു ആലു ഇംറാന്‍ 134).
ഇല്ലാത്തവരുടെ ആവശ്യങ്ങളറിഞ്ഞ് ഉടയവര്‍ സഹായിക്കുമ്പോഴാണ് സഹാനുഭൂതി ജനിക്കുന്നത്. അത്തരം പരോപകാരങ്ങളും ത്യാഗസന്നദ്ധതകളുമാണ് ഇസ്‌ലാമികമായ ആഘോഷത്തിന്റെ മാനം. ജനങ്ങള്‍ക്ക് ഉപകാരങ്ങളെത്തിക്കുന്നവര്‍ ശ്രേഷ്ഠ ജനമെന്നാണ് നമ്മുടെ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ത്വബ്‌റാനി ഔസത്വ് 5787). വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ചെടുത്ത ആത്മീയവും മാനസികവുമായ മൂല്യങ്ങള്‍ ജീവിതത്തിലുടനീളം വെച്ചു പുലര്‍ത്തണം. ആ ഊര്‍ജമാണ് സ്രഷ്ടാവിനോടുള്ള അടുപ്പവും സൃഷ്ടികളോടുള്ള ബന്ധവും കൂടുതല്‍ ഊഷ്മളമാക്കുന്നത്. ”സന്മാര്‍ഗ പ്രാപ്തര്‍ക്ക് നേര്‍മാര്‍ഗ നിഷ്ഠ അല്ലാഹു വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്” (സൂറത്തു മര്‍യം 76).
ഈ മഹാമാരി കാലത്തും നമുക്കീ പെരുന്നാള്‍ ആത്മീയമായി ആഘോഷിക്കാം. ബന്ധങ്ങള്‍ സുസ്ഥിരപ്പെടുന്നത് സമ്പര്‍ക്കങ്ങളിലൂടെ മാത്രമല്ല. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം കുടുംബവും സമൂഹവുമായുള്ള ആത്മബന്ധങ്ങള്‍ ഇനിയുമിനിയും ഊര്‍ജസ്വലമാക്കാനാകും. വിവര സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി നമുക്ക് സന്തോഷങ്ങള്‍ പങ്കു വെക്കാം. ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാം. നാഥന്‍ തുണക്കട്ടെ. ആമീന്‍