കുട്ടികളുടെ വായനോത്സവത്തില്‍ ഇമാറാത്തി സാഹിത്യ ദിനാചരണം

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ല്‍ ഒരുക്കിയ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് ഡേ (എസ്ബിഎ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി ഉദ്ഘാടനം ചെയ്തപ്പോള്‍

ഷാര്‍ജ: പന്ത്രണ്ടാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലില്‍ (എസ്‌സിആര്‍എഫ്) ഇമാറാത്തി റൈറ്റേഴ്‌സ് ഡേ (ഇഡബ്‌ള്യുഡി) ആചരിച്ചു. ഇതുസംബസിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ നിരവധി പ്രമുഖര്‍ സംസാരിച്ചു. പ്രമുഖ ഇമാറാത്തി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും രചനാ പരിശീലന സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ ആഹ്വാനം ചെയ്തു. വായനക്കാരെ അവരുടെ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനും അവരുടെ അറിവ് വര്‍ധിപ്പിക്കുന്നതിനോടുമൊപ്പം, എഴുത്തുകാരുടെ കഴിവുകള്‍ പോഷിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനും അവര്‍ ആവശ്യപ്പെട്ടു. സാഹിത്യ നിരൂപണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസിദ്ധീകരണത്തിനും വിതരണത്തിനും മുന്‍പായി ശീര്‍ഷകങ്ങളുടെ ആകര്‍ഷണീയത ശ്രദ്ധയോടെ അവലോകനം ചെയ്യാനുമുള്ള പ്രാധാന്യം പ്രമുഖര്‍ എടുത്തു പറഞ്ഞു. പ്രാദേശിക ഓഫറുകളുടെ പ്രമോഷന്‍ ഉറപ്പാക്കാന്‍ ഫലപ്രദമായ പുസ്തക വിപണന തന്ത്രം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും പാനലിസ്റ്റുകള്‍ നിര്‍ദേശിച്ചു.

പാനല്‍ ചര്‍ച്ചയില്‍ സാലിഹ ഉബൈദ് ഗാബിഷ്, അബ്ദുല്ല അല്‍ഹാദിയ, ഡോ. അലി അബ്ദുല്‍ ഖാദര്‍ അല്‍ ഹമ്മാദി, ഫാത്തിയ അല്‍ നിമര്‍, ആയിഷ അബ്ദുല്ല, അലി അല്‍ അബ്ദാന്‍, ശൈഖാ അല്‍ മുതൈരി എന്നിവര്‍ സംസാരിക്കുന്നു

———————————————

‘ഇമാറാത്തി എഴുത്തുകാര്‍: യാഥാര്‍ത്ഥ്യവും അഭിലാഷവും’ എന്ന വിഷയത്തില്‍ എക്‌സ്‌പോ സെന്ററില്‍ നടന്ന സാംസ്‌കാരിക ചര്‍ച്ചയിലാണ് പ്രമുഖര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.
ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി ഉദ്ഘാടനം ചെയ്തു. പാനല്‍ ചര്‍ച്ചയില്‍ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ (ഇഡബ്‌ള്യുയു) സെക്രട്ടറി ജനറലും പ്രശസ്ത സാഹിത്യകാരിയുമായ സാലിഹ ഉബൈദ് ഗാബിഷ്, കവി അബ്ദുല്ല അല്‍ഹാദിയ, അറബി ലാംഗ്വേജ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അലി അബ്ദുല്‍ ഖാദര്‍ അല്‍ ഹമ്മാദി, ഫാത്തിയ അല്‍ നിമര്‍, നോവലിസ്റ്റ് ആയിഷ അബ്ദുല്ല, നിരൂപകനും ഗവേഷകനുമായ അലി അല്‍ അബ്ദാന്‍, ശൈഖാ അല്‍ മുതൈരി എന്നിവര്‍ പങ്കെടുത്തു.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ഇഡബ്‌ള്യുയു ഓണററി പ്രസിഡന്റുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം മെയ് 26 എല്ലാ വര്‍ഷവും ഇമാറാത്തി റൈറ്റേഴ്‌സ് ഡേയായി ആചരിച്ചു വരുന്നു. ഇഡബ്‌ള്യുയു സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രഗല്‍ഭമതികളെ ആദരിക്കുന്നതുള്‍പ്പെടെ ഓരോ വര്‍ഷവും നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നു.