മലയാളികളെ ഡിസൈനര്‍മാരാക്കാന്‍ ഗായ

ഗായ അബ്ദുല്‍ കബീര്‍

കോഴിക്കോട്: ഏറെ തൊഴിലവസരങ്ങളുള്ള ഡിസൈന്‍ മേഖലയിലേക്ക് മലയാളി വിദ്യാര്‍ത്ഥികളെ വഴിതിരിച്ചു വിടാനുള്ള ശ്രമവുമായി ഡിസൈനര്‍ ഗായ. പ്രതിവര്‍ഷം 20 മുതല്‍ 70 ലക്ഷം വരെ പ്രതിഫലം ലഭിക്കുന്ന ഡിസൈന്‍ മേഖലയെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്‌ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുമായി മാത്രമായി ആദ്യമായി കേരളത്തില്‍ പരിശീലനം ആരംഭിക്കുകയാണ് ഗായ അബ്ദുല്‍ കബീര്‍. മലപ്പുറം എടവണ്ണ സ്വദേശിനിയായ ഗായ മുംബൈ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (നിഫ്റ്റ്) നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. നിഫ്റ്റ്, എന്‍ഐഡി, ഐഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന 7,000ത്തിലധികം സീറ്റുകളുള്ള ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള പരിശീലനമാണ് ഗായ നല്‍കുന്നത്. ഫാഷന്‍ ഡിസൈന്‍, ഓട്ടോമൊബൈല്‍, കമ്യൂണികേഷന്‍സ്, ഗെയിം, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍ തുടങ്ങി ഇരുപതോളം ഡിസൈന്‍ കോഴ്‌സുകളിലെ ബി.ഡെസ് എന്ന ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കാന്‍ വേണ്ടിയാണ് പരിശീലനം നല്‍കുന്നത്. മുംബൈ അടക്കമുള്ള വന്‍ നഗരങ്ങളില്‍ പോയി പരിശീലനം നേടിയാണ് ഗായ ഡിസൈന്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നത്. വന്‍കിട നഗരങ്ങളില്‍ ലഭ്യമായ പരിശീലനമാണ് ആദ്യമായി കേരളത്തില്‍ ലഭ്യമാക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തില്‍ അടുത്ത മാസം മുതല്‍ ക്‌ളാസുകള്‍ ആരംഭിക്കും. ഗായ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്ന പേരിലുള്ള സ്ഥാപനത്തില്‍ പ്‌ളസ് ടു പഠിക്കുന്നവര്‍ക്കും പ്‌ളസ് ടു വിജയിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 83018 00009 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.