ഗയാത്തി-റുവൈസ് ഹൈവേ നവംബറില്‍ പൂര്‍ത്തിയാകും

അല്‍ദഫ്‌റ മേഖലാ ഭരണാധിപ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ വിവിധ പദ്ധതികള്‍ നോക്കിക്കാണാനെത്തിയപ്പോള്‍

അബുദാബി: അല്‍ദഫ്‌റ മേഖലയില്‍ നിര്‍മാണം നടന്നു വരുന്ന ഗയാത്തി-റുവൈസ് ഹൈവേ ഈ വര്‍ഷം നവംബറില്‍ പൂര്‍ത്തിയാകും. 85ശതമാനം പണികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
252 ദശലക്ഷം ദിര്‍ഹം ചെലവിലാണ് ഗതാഗത രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുന്ന ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗയാത്തി വ്യവസായ നഗരി-റുവൈസ്, ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡ് (ഇ-11)എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ ഹൈവേയുടെ നിര്‍മാണം. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ മേല്‍പ്പാലങ്ങള്‍, ഇന്റര്‍ സെക്ഷനുകള്‍ എന്നിവയുണ്ടാകും.
മേഖലയില്‍ നടത്തുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അല്‍ദഫ്‌റ മേഖലാ ഭരണാധിപ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ നോക്കിക്കണ്ട് പുരോഗതികള്‍ വിലിയിരുത്തി. 60 ദശലക്ഷം ദിര്‍ഹമില്‍ പണിത 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഗയാത്തി കൊമേഴ്‌സ്യല്‍ സെന്റര്‍, മുനിസിപ്പാലിറ്റി പദ്ധതികള്‍, പാര്‍ക്കുകള്‍ എന്നിവയും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി.