ഇഫ്താര്‍ സംഗമം നടത്തി

 

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ എയര്‍ മാസ്റ്റര്‍ ഗ്രൂപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അജ്മാന്‍ എയര്‍ മാസ്റ്റര്‍ കമ്പനിയില്‍ ഇഫ്താര്‍ സഗമത്തില്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പങ്കെടുത്തപ്പോള്‍

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ എയര്‍ മാസ്റ്റര്‍ ഗ്രൂപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അജ്മാന്‍ എയര്‍ മാസ്റ്റര്‍ കമ്പനിയില്‍ ഇഫ്താര്‍ സഗമം നടത്തി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തൊഴിലാളികളുമായി സംവദിച്ച അദ്ദേഹം, കമ്പനി ജീവനക്കാര്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായതിലുള്ള സന്തോഷം രേഖപ്പെടുത്തി. കോവിഡ് 19 തരംഗം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലും ഒരു ജോലിക്കാരന് പോലും ജോലി നഷ്ടമാവരുതെന്ന എയര്‍ മാസ്റ്റര്‍ ഗ്രൂപ്പിന്റെ നയം അഭിനന്ദനാര്‍ഹമാണെന്നും ഈ പ്രതിസന്ധി കാലഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങളും യുഎഇ ഗവണ്‍മെന്റ് നിയമങ്ങളും പാലിച്ച് വളരെ വൃത്തിയായി ജോലി ചെയ്യുന്ന എയര്‍ മാസ്റ്റര്‍ ജീവനക്കാര്‍ സ്വയം സംരക്ഷിച്ച് തന്നെ സമൂഹത്തിലുള്ള ആളുകളെയും സുരക്ഷിതരാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ജീവനക്കാര്‍ കമ്പനിയോട് പ്രകടിപ്പിക്കുന്ന ഉയര്‍ന്ന ധാര്‍മികത എയര്‍ മാസ്റ്റര്‍ ഗ്രൂപ്പിന് അങ്ങേയറ്റം അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനം ഇപ്പോള്‍ 365 ദിവസവും ലഭ്യമാണെന്ന് ഡോ. അമന്‍പുരി പറഞ്ഞു. ഏവര്‍ക്കും അദ്ദേഹം റമദാന്‍ ആശംസ നേര്‍ന്നു.
ഇഫ്താര്‍ സംഗമത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധിനിധികളായ റ്റാടു മാമു (കോണ്‍സുല്‍, ലേബര്‍ അഫയേഴ്‌സ്), ജിതേന്ദര്‍ സിംഗ്, അനീഷ് ചൗധരി എന്നിവരും; എയര്‍ മാസ്റ്റര്‍ കമ്പനി ചെയര്‍മാന്‍ മുനവ്വര്‍ ഖാന്‍, ഡയറക്ടര്‍മാരായ ഫിറോസ് അബ്ദുല്ല, ജവഹര്‍ ഖാന്‍, സമീറ ഖാന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ അഫ്താബ് ഇബ്രാഹിം (ചെയ.), അബ്ദുല്‍ സലാഹ്, രൂപ് സിംഗ് സിന്ധു (സെക്ര.), ജയ ദേവി (ജോ.സെക്ര.), ഗ്‌ളോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിനിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി എന്നിവരുമുള്‍പ്പടെ നിരവധി പ്രമുഖര്‍ സംഗമത്തില്‍ സംബന്ധിച്ചു.