ഇന്‍കാസ് കോവിഡ് 19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു

15
ഇന്‍കാസ് കോവിഡ് 19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ഷാര്‍ജ: ഇന്‍കാസ് ഷാര്‍ജ-തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കോവിഡ് 19 അജ്മാന്‍ വാട്‌സാപ്പ് ഗ്രൂപ്പും ടബാസ്‌ക്കോ ടെക്‌നിക്കല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയുമായി സഹകരിച്ച് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഷാര്‍ജ വ്യവസായ മേഖലയായ സജ്ജായില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ക്യാമ്പ് തുടങ്ങിയത്. മെയ് 3 വരെ നീളുന്ന ക്യാമ്പില്‍ 5,000 പേര്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.പിസിആര്‍ ടെസ്റ്റും ഇതോടൊപ്പം നടത്തുന്നുണ്ട്.

വാക്‌സിനേഷന്‍ ക്യാമ്പ് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്കായി യുഎഇയില്‍ ആദ്യമായാണ് ഒരു സാംസ്‌കാരിക സംഘടന ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇന്‍കാസ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെ.എം അബ്ദുല്‍ മനാഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യുഎഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, വൈസ് പ്രസിഡണ്ട് എന്‍.പി രാമചന്ദ്രന്‍, ഫൈസല്‍ തഹാനി, ഇ.വൈ സുധീര്‍, പ്രദീപ് നെന്മാറ, മുഹമ്മദുണ്ണി തുടങ്ങിയവര്‍ ക്യാമ്പിന് ആശംസ നേര്‍ന്നു. എസ്.ഐ അക്ബര്‍, എ.ടി ഷെരീഫ്, ഹാരിസ് കൊടുങ്ങല്ലൂര്‍, അബൂബക്കര്‍, ബിജു ഇസ്മായില്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.